ദില്ലി: ക്യാഷ് ഓൺ ഡെലിവറി ഓർഡറുകളുടെ 72 ശതമാനവും ലഭിച്ചത് 2,000 രൂപ നോട്ടുകളാണെന്നു വെളിപ്പെടുത്തി ഭക്ഷ്യ വിതരണ സ്ഥാപനമായ സൊമാറ്റോ. കഴിഞ്ഞ വെള്ളിയാഴ്ച റിസർവ് ബാങ്ക് 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുന്നതായി അറിയിച്ചിരുന്നു. ഇന്ന് മുതൽ ബാങ്കുകളിൽ നിന്നും 2000 രൂപ നോട്ടുകൾ കുറഞ്ഞ മൂല്യമുള്ളവ ഉപയോഗിച്ച് മാറ്റി വാങ്ങാൻ സാധിക്കും.
ഒരു മീം ഉപയോഗിച്ചാണ് സൊമാറ്റോ ഇക്കാര്യം അറിയിച്ചത്. ക്യാഷ് ഓൺ ഡെലിവറി ഓർഡറുകളുടെ 72 ശതമാനവും 2000 നോട്ടുകളായാണ് ലഭിച്ചതെന്ന് ബ്രേക്കിംഗ് ബാഡ് കഥാപാത്രമായ ഹ്യൂ ബാബിനോയുടെ ചിത്രത്തോടൊപ്പം ആണ് എഴുതിയത്. ഫോട്ടോയിൽ മാറ്റം വരുത്തുകയും കഥാപാത്രത്തെ സൊമാറ്റോ ടീ-ഷർട്ട് ധരിക്കുകയും കറൻസി മാറ്റുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രം പോസ്റ്റ് ചെയ്തതോടെ 15,000 ലൈക്കുകളും 1,000-ത്തിലധികം റീട്വീറ്റുകളും നേടി. 2000 രൂപ നോട്ട് ഒഴിവാക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗം ഇതാണെന്ന് ഒരു ട്വിറ്റെർ ഉപയോക്താവ് എഴുതി.
ഇന്ന് മുതൽ ബാങ്കുകളിലും ട്രഷറികളിലുമടക്കം 2,000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും അവസരമുണ്ട്. എല്ലാ ബാങ്കുകളിലും റിസർവ് ബാങ്കിന്റെ 19 റീജനൽ ഓഫിസുകളിലൂടെയും നോട്ടുകൾ മാറാനാകും. പൊതുജനങ്ങൾക്ക് ഒരുസമയം 20,000 രൂപവരെ, ബാങ്ക് കൗണ്ടർ വഴി മാറിയെടുക്കാം.അക്കൗണ്ടുകൾ വഴി മാറ്റിയെടുക്കാവുന്ന തുകയ്ക്ക് പരിധി ഏർപ്പെടുത്തിയിട്ടില്ല. 20,000 രൂപവരെ മാറിയെടുക്കാൻ പ്രത്യേകം ഫോമോ തിരിച്ചറിയൽ രേഖയോ നിലവിൽ നൽകേണ്ടതില്ലെങ്കിലും ബാങ്കിലെ ക്യൂ ഒഴിവാക്കുന്നതിനായി പണം വിപണിയിലിറക്കി ചിലവഴിക്കാനാണ് കൂടുതൽ പേരും ശ്രമിക്കുന്നത്.