വിവിധ തരത്തിലുള്ള ചലഞ്ചുകൾ ഇന്ന് യൂട്യൂബർമാർ നടത്താറുണ്ട്. ഇപ്പോഴിതാ ലൈവ് സ്ട്രീമിൽ ഏറ്റവും കൂടുതൽ നേരം ഉണർന്നിരുന്നതിന് പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കാൻ ശ്രമിച്ച ഓസ്ട്രേലിയൻ യൂട്യൂബർ നോറമാണ് വാർത്തയാവുന്നത്.
എന്തായാലും, 38 മണിക്കൂർ നിശ്ചലമായി നിന്ന ശേഷം ഇയാൾ ലോക റെക്കോർഡ് നേടുക തന്നെ ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. യുവാവിന്റെ ഈ നിശ്ചലമായ നിൽപ്പ് അപകടത്തിലേക്ക് എത്തിക്കുമെന്ന് ഭയന്ന് ആളുകൾ പൊലീസിനെ വരെ വിളിക്കുന്ന അവസ്ഥയുണ്ടായി.
കഴിഞ്ഞ വർഷം ഓഗസ്റ്റിലും ഇതുപോലെ ഒരു ചലഞ്ച് ഇയാൾ നടത്തിയിരുന്നു. അന്ന് ഒരു ലൈവ് സ്ട്രീമിനിടെ ഏറ്റവും കൂടുതൽ സമയം ഉറങ്ങാതെ ഇരുന്നതിന്റെ ലോക റെക്കോർഡ് തകർക്കാനാണ് നോറം ശ്രമിച്ചത്. 264 മണിക്കൂർ ഇയാൾ ഉണർന്നിരുന്നു. ഏറെക്കുറെ ബോധം പൂർണമായും നശിച്ച അവസ്ഥയിലായിരുന്നു അന്ന് നോറം. ലൈവ് സ്ട്രീമിൽ തന്നെ ഇയാൾക്ക് ബോധക്ഷയം വരേയും ഉണ്ടായി. കാഴ്ച്ചക്കാർ ഇയാളുടെ ആരോഗ്യത്തിൽ ആശങ്ക പ്രകടിപ്പിച്ചതോടെ യൂട്യൂബ് തന്നെ ലൈവ് സ്ട്രീം തടയുകയായിരുന്നു.
എന്നാൽ, ഇത്തവണത്തെ ചലഞ്ച് ഏറെ നേരം നിശ്ചലമായി നിൽക്കുക എന്നതായിരുന്നു. റോഡരികിൽ അനങ്ങാതെ നിന്ന നോറത്തെ ആളുകൾ പലതരത്തിലും ശല്ല്യപ്പെടുത്താൻ ശ്രമിക്കുന്നത് കാണാം. ഇയാളുടെ ദേഹത്ത് സ്പ്രേ പെയിന്റടിക്കുകയും, മീശ വരയ്ക്കുകയും, ഇയാളെ ചുംബിക്കാൻ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് ആളുകൾ. എന്നാൽ, ഇയാൾ അവിടെ നിന്നും ഒരടി പോലും ചലിക്കാൻ തയ്യാറായിരുന്നില്ല.
ഇയാളുടെ മണിക്കൂറുകൾ നീണ്ട ചലഞ്ചിന്റെ വീഡിയോ മിനിറ്റുകളിലാക്കി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. ഇതുപോലെ കഠിനമായ ചലഞ്ചുകൾ ഏറ്റെടുത്തു ചെയ്യുന്നതിൽ അറിയപ്പെടുന്ന ആളാണ് യൂട്യൂബറായ നോറം.