അടിമാലി: ഇടുക്കി അടിമാലിക്ക് സമീപം യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിയ യുവാവ് പിടിയില്‍. തെള്ളിപ്പടവിൽ ആശംസിനെയാണ് വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊന്നത്തടി സ്വദേശി തേക്കനാംകുന്നേൽ സിബി, ഭാര്യ ജയ, അമ്മ ശോഭന, എന്നിവർക്ക് നേരെയാണ് വധശ്രമം നടന്നത്. ഇവരുടെ മകന്റെ സുഹൃത്താണ് പ്രതിയായ ആശംസ്.
ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. വെട്ടേറ്റ സിബിയുടെയു ജയയുടെയും മകൻ ആരോമലിനെ അന്വേഷിച്ചാണ് സുഹൃത്തായ ആശംസ് വീട്ടിലെത്തിയത്. എന്നാല്‍ ആരോമൽ വീട്ടിൽ ഇല്ലെന്ന് അറിയിച്ചതോടെ കയ്യിലുണ്ടായിരുന്ന വാക്കത്തി വച്ച് ആശംസ് ആരോമലിന്റെ അച്ഛനായ സിബിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ട് തടുക്കാനെത്തിയപ്പോഴാണ് ജയയെയും ശോഭനയെയും പ്രതി വെട്ടിയത്.