തിരുവനന്തപുരം: അയിരൂരിലെ കാമുകി ക്വട്ടേഷൻ നൽകിയ സംഭവത്തിൽ കേസ് ഒതുക്കി തീർക്കാനും ശ്രമം നടന്നു. തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദ്ദിക്കപ്പെട്ട യുവാവിന് 15 ലക്ഷം രൂപ പ്രതികൾ വാഗ്ദാനം ചെയ്തെന്ന് യുവാവിന്റെ അച്ഛൻ പറഞ്ഞു. മകനെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചുവെന്നും കഞ്ചാവ് വലിപ്പിച്ചുവെന്നും സിഗരറ്റ് കൊണ്ട് കുത്തി ശരീരം പൊള്ളിച്ചെന്നും അച്ഛൻ പറഞ്ഞു. മർദ്ദനമേറ്റ യുവാവിനെ ബന്ധു വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.
‘മകന്റെ നില കണ്ടാൽ സഹിക്കില്ല. അഞ്ച് ലക്ഷം രൂപ ചോദിച്ചാണ് മർദ്ദിച്ചത്. അവർ തമ്മിൽ പ്രണയമായിരുന്നില്ല. മകനും യുവതിയും തമ്മിൽ മനോജ് എന്നയാൾ വഴിയാണ് പരിചയപ്പെട്ടത്. ഒമ്പതര മണിക്ക് കൂട്ടിക്കൊണ്ടുപോയി വൈകീട്ട് ഏഴര മണിക്ക് സ്റ്റാന്റിൽ വിടുന്നത് വരെ ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ല. ലക്ഷ്മിപ്രിയയുടെ അച്ഛൻ 15 ലക്ഷം രൂപ തരാമെന്ന് പറഞ്ഞതായി ഒരാൾ വിളിച്ചുപറഞ്ഞു,’- മർദ്ദനമേറ്റ യുവാവിന്റെ അച്ഛൻ പറഞ്ഞു.
സംഭവത്തിൽ മുഖ്യപ്രതിയും യുവാവിന്റെ കാമുകിയുമായിരുന്ന ലക്ഷ്മിപ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റ്. വര്‍ക്കല സ്വദേശിയും ബിസിഎ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമാണ് ലക്ഷ്മിപ്രിയ. സംഭവത്തിൽ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ലക്ഷ്മിപ്രിയക്കൊപ്പം സംഘത്തിലുണ്ടായിരുന്ന എറണാകുളം മഞ്ഞുമ്മൽ സ്വദേശി അമലിനെ അയിരൂര്‍ പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നത്. വര്‍ക്കല സ്വദേശിയായ ലക്ഷ്മി പ്രിയയും അയിരൂര്‍ സ്വദേശിയായ യുവാവും പ്രണയത്തിലായിരുന്നു. ലക്ഷ്മിപ്രിയ എറണാകുളത്ത് ബിസിഎയ്ക്ക് പഠിക്കാൻ പോയി. അവിടെ വെച്ച് മറ്റൊരാളുമായി പ്രണയത്തിലായി. പലതവണ ഇക്കാര്യം പറഞ്ഞിട്ടും അയിരൂർ സ്വദേശിയായ യുവാവ് പ്രണയത്തിൽ നിന്ന് പിന്മാറായില്ല. ഒടുവിൽ ഫോണിലൂടെ സന്ദേശങ്ങൾ അയച്ച് ലക്ഷ്മി പ്രിയ തന്ത്രപൂര്‍വ്വം യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി. പിന്നീട് കാറിൽ വച്ച് ഗുണ്ടകളുടെ സഹായത്തോടെ മര്‍ദ്ദിച്ചു. സ്വര്‍ണ മാലയും കൈവശമുണ്ടായിരുന്ന 5500 രൂപയും ഐ ഫോൺ വാച്ചും കവര്‍ന്നു. കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി, മര്‍ദ്ദിച്ചു.
പിന്നീട് എറണാകുളത്തെ ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ എത്തിച്ച ശേഷം കെട്ടിയിട്ട് നഗ്നനാക്കി മര്‍ദ്ദിക്കുകയായിരുന്നു. യുവാവിന്റെ ഐഫോണിൽ ലക്ഷ്മിപ്രിയയാണ് ദൃശ്യങ്ങൾ പകര്‍ത്തിയത്. ദൃശ്യങ്ങൾ പ്രതികൾക്ക് അയച്ച ശേഷം നീക്കം ചെയ്തു. പ്രണയത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. മൊബൈൽ ഫോണിന്റെ ചാര്‍ജര്‍ നാക്കിൽ വച്ച് ഷോക്കടിപ്പിച്ചെന്നും കഞ്ചാവ് വലിപ്പിച്ചെന്നും യുവാവിന്റെ പരാതിയിലുണ്ട്. മര്‍ദ്ദനത്തിന് ശേഷം യുവാവിനെ വൈറ്റിലയിൽ ഉപേക്ഷിച്ച സംഘം കടന്നുകളഞ്ഞു. എറണാകുളത്തെ ബന്ധുക്കളെത്തി യുവാവിനെ കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ചു.