ഇടുക്കി: മുരിക്കാശ്ശേരിക്ക് സമീപം പത്തര കിലോ കഞ്ചാവുമായി രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി. പണിക്കന്‍കുടി സ്വദേശി ഇടത്തട്ടേല്‍ അനീഷ് ആന്റണി, മുരിക്കാശ്ശേരി ചിന്നാര്‍ സ്വദേശി മുല്ലപ്പള്ളിതടത്തില്‍ രാജേഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെ മുരിക്കാശ്ശേരി കോളേജ് ജംഗ്ഷനില്‍ വച്ചാണ് ഇരുവരും പിടിയിലായത്. മുരിക്കാശ്ശേരി എസ്എച്ച് റോയ് എന്‍എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കോളേജ് ജംഗ്ഷനില്‍ തോപ്രാംകുടി ഭാഗത്തേക്ക് കഞ്ചാവുമായി പോകുന്നതിനു വേണ്ടിയാണ് പ്രതികള്‍ പ്രദേശത്ത് നിന്നതെന്ന് പൊലീസ് പറഞ്ഞു. പൊലീസിനെ കണ്ടതോടെ ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.
ഇടുക്കിയില്‍ ഒരു കിലോ കഞ്ചാവുമായി പിടിയിലായ ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്പിയുടെ സ്പെഷ്യല്‍ സ്ക്വേഡും പരിശോധനകള്‍ നടത്തുന്നുണ്ടായിരുന്നു. ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വലിയ രീതിയിലുള്ള പരിശോധനകളാണ് പൊലീസും എക്സൈസും ജില്ലയില്‍ നടത്തുന്നത്. എസ്ഐമാരായ കെഡി മണിയന്, ജിജി സി.ടി, ഷൗക്കത്തലി, ജോഷി കെ മാത്യു, എഎസ്ഐ സിബി കെഎല്‍, എസ്സിപിഒമാരായ അഷറഫ് പിവി, ശ്രീജിത്ത്, അനീഷ് കെആര്‍, സുനില്‍ ടിഎല്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.