കായംകുളം: തനിക്കെതിരേ അപവാദപ്രചാരണം നടത്തിയ നാട്ടുകാര്‍ക്കെതിരേ മൈക്ക് വച്ച് അസഭ്യം പറഞ്ഞ് വെല്ലുവിളിച്ച യുവാവ് അറസ്റ്റില്‍.കായംകുളം കീരിക്കാട് സ്വദേശിയായ ഡോണ്‍ രവിയെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. വീടിനു സമീപത്തെ ഒരു ചായക്കടയുടെ മുന്നിലെത്തിയാണ് അപവാദപ്രചാരണം നടത്തിയവര്‍ക്കെതിരേ മൈക്കിലൂടെ അസഭ്യം പറഞ്ഞ് വെല്ലുവിളിച്ചത്. പ്രവാസിയായിരുന്ന ഡോണ്‍ രവി നാട്ടിലേക്ക് മടങ്ങിയശേഷം പണിയില്ലാതെ ഒരുവര്‍ഷം കഷ്ടപ്പെട്ടു. പിന്നീട് ചെറിയ ബിസിനസുകള്‍ ചെയ്തു. പിന്നാലെ സ്ഥലം വാങ്ങി വീട് വച്ചു.
വീടിന് കല്ലിട്ടപ്പോള്‍ മുതല്‍ നാട്ടുകാരുടെ വക അപവാദം പറച്ചില് ആരംഭിച്ചെന്ന് രവി പറയുന്നു. ചായക്കടയിലും കവലയിലും എല്ലാം അപവാദം. സ്ത്രീകളുമായി അവിഹിതബന്ധം, പണം കടം വാങ്ങിയ ശേഷം ചിറ്റപ്പനെ തല്ലി, പാലുകാച്ചലിന് 25 ലക്ഷം രൂപ കിട്ടി എന്നിങ്ങനെ അപവാദങ്ങളുടെ പെരുമഴ. ഒടുവില്‍ സഹികെട്ടപ്പോഴാണ് വേറിട്ട പ്രതികരണവുമായി ഡോണ്‍ രംഗത്തുവന്നത്.
അപവാദങ്ങളില്‍ സഹികെട്ട ഡോണ്‍, അടുത്ത വീട്ടിലെ കുട്ടികള്‍ തിരുവാതിര പരിശീലിച്ച് കൊണ്ടിരുന്ന മൈക്ക് വാങ്ങി. നേരെ പ്രദേശത്ത് ആള് കൂടുന്ന ചായക്കടയുടെ മുന്നിലെത്തി അസഭ്യവര്‍ഷം നടത്തി പ്രതിഷേധം അറിയിക്കുകയായിരുന്നു. സഹിക്കാവുന്നതിന് അപ്പുറം എത്തിയപ്പോഴാണ് ഇങ്ങനെ പ്രതികരിക്കേണ്ടിവന്നതെന്നാണ് ഡോണ്‍ ന്യായീക രിച്ചത്. വീഡിയോ വൈറലായതോടെ സമാന അനുഭവം നേരിടുന്ന അനേകം പേര് അനുകൂലിച്ച് രംഗത്തെത്തി. എന്നാല്‍, പരസ്യമായി അസഭ്യം പറഞ്ഞ് വെല്ലുവിളിച്ച നടപടി നിയമലംഘനമാണന്ന് പരാതികളും ഉയര്‍ന്നതോടെയാണ് പോലീസ് സ്വമേധയാ കേസെടുത്തത്.