കൊച്ചി: കൊച്ചി ഇടപ്പള്ളിയിലെ ഹോട്ടലില്‍ യുവതിയെ മര്‍ദ്ദിച്ചു കൊലപെടുത്തിയ കേസില്‍ പ്രതി പിടിയിലായി. പാലക്കാട് സ്വദേശി ലിൻസി ആഗ്നസിനെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് ജസീലാണ് പൊലീസ് പിടിയിലായത്. ലിൻസി ആഗ്നസും സുഹൃത്ത് ജസീലും ഇടപ്പള്ളിയിലെ ഹോട്ടലില്‍ കുറച്ചു ദിവസങ്ങളായി താമസിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച്ച വാക്കുതര്‍ക്കത്തിനിടയില്‍ ലിൻസിയെ ജസീല്‍ ഹോട്ടലില്‍ വച്ച് മര്‍ദ്ദിച്ചത്. രണ്ടു ദിവസം മുൻപാണു പാലക്കാട് വെണ്ണക്കര തിരുനെല്ലായി മോഴിപുലം ചിറ്റിലപ്പിള്ളി വീട്ടിൽ ലിൻസിയെ (26) ഹോട്ടലിൽ അബോധാവസ്ഥയിൽ കണ്ടത്.
തലക്ക് അടിയേറ്റും വയറില്‍ ചവിട്ടേറ്റുമൊക്കെ പരിക്കേറ്റ് അബോധാവസ്ഥയിലായിട്ടും ജസീല്‍ ഇവരെ ആശുപത്രിയിലാക്കിയില്ല. പിറ്റേ ദിവസം വീട്ടുകാരെ വിളിച്ച് ലിൻസിക്ക് സുഖമില്ലെന്നും ശുചിമുറിയില്‍ തെന്നിവീണെന്നും അറിയിച്ചു. രാത്രി വീട്ടുകാരെത്തി ലിൻസിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. തലയിലേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. തുടർന്ന് വീട്ടുകാര്‍ നല്‍കിയവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജസീല്‍ കുടുങ്ങിയത്.