വാഷിംഗ്ടണ്‍ : ക്യൂബയില്‍ നിന്ന് യു.എസിനെ രഹസ്യമായി നിരീക്ഷിക്കാനുള്ള ‘ചാര ബേസ് ‘ നിര്‍മ്മിക്കാൻ ചൈന പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.
യു.എസ് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു അമേരിക്കൻ മാദ്ധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. തെക്ക് കിഴക്കൻ യു.എസില്‍ ഇലക്ട്രോണിക് ആശയവിനിമയത്തിലേക്ക് നുഴഞ്ഞുകയറാനാണ് ചൈന ഇതിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്രത്തിന്റെ നിര്‍മ്മാണം ചൈന തുടങ്ങിയോ എന്ന് വ്യക്തമല്ല.
പദ്ധതി പ്രകാരം യു.എസിന്റെ സതേണ്‍, സെൻട്രല്‍ കമാൻഡ് ആസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഫ്ലോറിഡ ചൈനയുടെ ചാരവലയത്തിനുള്ളില്പ്പെടും. ‘സിഗ്നല്‍സ് ഇന്റലിജൻസി “ലൂടെ യു.എസിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനാണ് ചൈനീസ് ശ്രമം. ഇലക്ട്രോണിക് സിഗ്നലുകളില്‍ നിന്നോ വിദേശ ടാര്‍ജറ്റുകളുടെ റഡാര്‍, ആശയവിനിമയ സംവിധാനങ്ങള്‍, ആയുധ സംവിധാനങ്ങള്‍ എന്നിവയില്‍ നിന്നോ ശേഖരിക്കുന്ന രഹസ്യ വിവരങ്ങളാണ് സിഗ്നല്‍സ് ഇന്റലിജൻസ്.
നിരീക്ഷണ കേന്ദ്രം നിര്‍മ്മിക്കാൻ ക്യൂബയ്ക്ക് കോടിക്കണക്കിന് ഡോളറാണ് ചൈന നല്‍കുക. കേന്ദ്രം യാഥാര്‍ത്ഥ്യമായാല്‍ യു.എസിന് ശക്തമായ വെല്ലുവിളിയാകുമെന്നതില്‍ സംശയമില്ല. കാരണം, ഫ്ലോറിഡയുടെ തെക്കൻ തീരത്ത് നിന്ന് വെറും 150 കിലോമീറ്റര്‍ അകലെയുള്ള ക്യൂബൻ മേഖലയിലാണ് ചൈന തങ്ങളുടെ ചാര ബേസ് സ്ഥാപിക്കുക. അതേ സമയം, വിഷയത്തില്‍ പ്രതികരിക്കാൻ അമേരിക്കൻ പ്രതിരോധ വിഭാഗമായ പെന്റഗണ്‍ വിസമ്മതിച്ചു.
വാര്‍ത്തയോട് പ്രതികരിക്കാൻ കഴിയില്ലെന്നും എന്നാല്‍ ഈ അര്‍ദ്ധഗോളത്തില്‍ അടക്കം ലോകമെമ്ബാടും സൈനിക ലക്ഷ്യങ്ങള്‍ മുൻനിറുത്തിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നിക്ഷേപം നടത്താനുള്ള ചൈനയുടെ ശ്രമങ്ങളെ പറ്റി തങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും പല തവണ ഇതേ പറ്റി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും വൈറ്റ് ഹൗസ് സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. തങ്ങള്‍ എല്ലാം സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം, ഫെബ്രുവരിയില്‍ യു.എസിന് മുകളിലൂടെ ചൈനീസ് ചാരബലൂണ്‍ പറന്നത് ഏറെ വിവാദമായിരുന്നു. ബലൂണ്‍ നിരീക്ഷണത്തിനുള്ളതെല്ലെന്നും കാലാവസ്ഥ സംബന്ധമായിരുന്നെന്നും ദിശ മാറി യു.എസിലെത്തിയതാണെന്നുമാണ് ചൈന പറഞ്ഞത്. എന്നാല്‍ ബലൂണ്‍ യു.എസ് മിലിട്ടറി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി യഥാസമയം ചൈനയ്ക്ക് കൈമാറിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഇലക്ട്രോണിക് സിഗ്നലുകളില്‍ നിന്നുള്ള വിവരങ്ങളാണ് ബലൂണ്‍ പിടിച്ചെടുത്തതെന്നും ഇത് ആയുധ സംവിധാനങ്ങളില്‍ നിന്നോ അല്ലെങ്കില്‍ സൈനിക ബേസുകളില്‍ ഉദ്യോഗസ്ഥരുടെ ആശയവിനിമയങ്ങളില്‍ നിന്നോ ആകാമെന്നും അഭ്യൂഹമുണ്ട്. യു.എസ് ഇതില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
എന്നാല്‍ യു.എസ് വ്യോമപരിധിയില്‍ പ്രത്യക്ഷപ്പെട്ട ചൈനീസ് ചാര ബലൂണ്‍ കമ്മ്യൂണിക്കേഷൻ സിഗ്നലുകള്‍ പിടിച്ചെടുക്കാൻ കഴിയുന്നതായിരുന്നെന്നും രഹസ്യവിവരങ്ങള്‍ ശേഖരിക്കാൻ കഴിവുള്ള ഒന്നിലേറെ ആന്റിനകള്‍ ഘടിപ്പിച്ചിരുന്നെന്നും യു.എസ് വ്യക്തമാക്കിയിട്ടുണ്ട്.