കാൻബറ: കുട്ടികളുമായി ബന്ധപ്പെട്ട ഓൺലൈൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് സമൂഹ മാധ്യമമായ എക്സിന് (മുൻപ് ട്വിറ്റർ) വൻ തുക പിഴയിട്ട് ഓസ്ട്രേലിയൻ റെഗുലേറ്ററി അതോറിറ്റിയായ ഇ-സേഫ്റ്റി കമ്മീഷൻ. എക്സ് പ്ലാറ്റ്ഫോമിലെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളോട് കൃത്യമായി പ്രതികരിക്കാത്തതിനാണ് എക്സിന് 610,500 ഓസ്ട്രേലിയൻ ഡോളർ പിഴ ചുമത്തിയത്.
ഇ-സേഫ്റ്റി കമ്മീഷണറായ ജൂലി ഇൻമാൻ ഗ്രാന്റ് പുറപ്പെടുവിച്ച ഉത്തരവു പ്രകാരമുള്ള പിഴ അടയ്ക്കാൻ എക്സിന് 28 ദിവസമുണ്ട്. അല്ലെങ്കിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം കണ്ടെത്തി നീക്കം ചെയ്യുന്നതിനായി സ്വീകരിച്ച നടപടികൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകണം. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തി എക്സ്, ഗൂഗിൾ, ടിക് ടോക്ക്, ട്വിച്ച്, ഡിസ്കോർഡ് എന്നിവയ്ക്ക് ഇ-സേഫ്റ്റി കമ്മീഷൻ ഫെബ്രുവരിയിൽ നോട്ടീസ് നൽകിയിരുന്നു
കുട്ടികളെ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതിലും നീക്കംചെയ്യുന്നതിലും തടയുന്നതിലും പല സമൂഹ മാധ്യമങ്ങളും പരാജയപ്പെടുന്നതായി കമ്മീഷണർ കണ്ടെത്തി. കമ്മിഷന്റെ നോട്ടീസിലെ ചില പ്രത്യേക ചോദ്യങ്ങൾക്ക് ഗൂഗിൾ പൊതുവായ പ്രതികരണങ്ങളാണ് നൽകിയത്. അതേസമയം എക്സ് ചില ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരവും നൽകയിട്ടില്ല.
‘സത്യസന്ധവും കൃത്യവുമായ വിവരങ്ങൾ ശേഖരിക്കാൻ ഇത്ര ബുദ്ധിമുട്ടാണോയെന്ന് താൻ ആശ്ചര്യപ്പെട്ടതായി കമ്മീഷണറായ ജൂലി ഇൻമാൻ ‘ഗാർഡിയനോട് പറഞ്ഞു.
‘കൂടുതൽ കാര്യക്ഷമവും ഉത്തരവാദിത്തവുമുള്ള സംവിധാനങ്ങളും വിഭവങ്ങളും ഉണ്ടായിരിക്കേണ്ട ചില കമ്പനികൾക്ക് ആ വിവരങ്ങൾ നൽകാൻ സന്നദ്ധതയോ പ്രാപ്തിയോ ഇല്ലാത്തതിൽ താൻ ആശ്ചര്യപ്പെട്ടു’ – അവർ പറഞ്ഞു.
കുട്ടികളെ സംരക്ഷിക്കുക എന്നത് ഗൂഗിളിന്റെ ഏറ്റവും പ്രധാനപ്പെട്ട ജോലിയാണെന്ന് ഗൂഗിളിന്റെ ഓസ്ട്രേലിയയിലെ പബ്ലിക് പോളിസി ആൻഡ് ഗവൺമെന്റ് അഫയേഴ്സ് ഡയറക്ടർ ലൂസിൻഡ ലോംഗ്ക്രോഫ്റ്റ് ഒരു
പ്രസ്താവനയിൽ പറഞ്ഞു, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ കമ്പനി വലിയ തോതിൽ നിക്ഷേപം നടത്തിയിരുന്നു.കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് എക്സ് പ്ലാറ്റ്ഫോമിൽ തന്റെ പ്രഥമ പരിഗണനയെന്ന് ഉടമ ഇലോൺ മസ്ക് അവകാശപ്പെട്ടിരുന്നു. എന്നാൽ മസ്ക് കമ്പനിയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തതിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ അതിന്റെ തൊഴിലാളികളെ 80% വെട്ടിക്കുറച്ചു, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം കണ്ടെത്തുന്നത് 90 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറഞ്ഞു.നോട്ടീസുകൾക്ക് മറുപടി നൽകാൻ കമ്പനികൾക്ക് ആദ്യം 35 ദിവസത്തെ സമയം അനുവദിച്ചിരുന്നു. എന്നാൽ സമയം നീട്ടി ചോദിച്ചതിന്റെ ഫലമായി നടപടികൾ ഏഴു മാസം നീണ്ടു.
ഇലോൺ മസ്ക് എക്സ് പ്ലാറ്റ്ഫോം വാങ്ങിയതിനുശേഷം ഓസ്ട്രേലിയൻ ഓഫീസ് അടച്ചുപൂട്ടിയിരുന്നു. അതിനാൽ കമ്പനിയുടെ പ്രതികരണം ലഭിച്ചിട്ടില്ല.