ലിസ്ബണ്‍: കത്തോലിക്കാസഭയുടെ ലോക യുവജനദിനാഘോഷം പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ നടക്കും.ലിസ്ബണിലെത്തുന്ന ഫ്രാൻസിസ് മാര്‍പാപ്പ സമാപനദിവസമായ ഞായര്‍ വരെ സമ്മേളനത്തിന്റെ ഭാഗമായിരിക്കും. ഓഗസ്റ്റ് മൂന്നിന് സംഗമത്തെ അഭിസംബോധന ചെയ്യുന്ന മാര്‍പാപ്പ, ആറിനു രാവിലെ ഒൻപതിനു പൊന്തിഫിക്കല്‍ ദിവ്യബലിക്കു മുഖ്യകാര്‍മികത്വം വഹിക്കും.
പതിനാറാമതു യുവജന സമ്മേളനത്തില്‍ ഇരുന്നൂറു രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. 16 -35 പ്രായമുള്ളവര്‍ക്കാണ് ഔദ്യോഗിക ക്ഷണമെങ്കിലും പ്രായഭേദമെന്യേ എല്ലാവര്ക്കും പങ്കെടുക്കാം. 20 കര്‍ദിനാള്‍മാരും 700 മെത്രാന്മാരും 20,000 വോളന്റിയര്‍മാരും സമ്മേളനത്തിനു നേതൃത്വം നല്കുന്നു.
ലിസ്ബണിലെ നൂറിലധികം സ്ഥലങ്ങളിലായി അഞ്ഞൂറിലധികം പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. സംഗീതത്തിനും കലയ്ക്കും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. വ്യക്തികളുടെയും ബാൻഡുകളുടെതുമായി 290 സംഗീതപരിപാടികള്‍ നടക്കും. 27 സ്ക്രീനുകളില്‍ ഡോക്യുമെന്ററി പ്രദര്‍ശനം.
ഫ്രാൻസിസ് മാര്‍പാപ്പയുടെ ഇഷ്ടസിനിമകള്‍ കാണാനുള്ള അവസരവുമുണ്ട്. തെരുവുനൃത്തപരിപാടികള്, എക്സിബിഷനുകള്‍ മുതലായവയും ഒരുക്കിയിരിക്കുന്നു. ഫാത്തിമ മാതാവിന്റെ പേരിലും എക്സിബിഷനുണ്ട്. ഫുട്ബോളിനു പുറമേ ഇത്തവണ ബീച്ച് വോളിബോളിലും മറ്റു കായിക ഇനങ്ങളിലു പങ്കെടുക്കാൻ അവസരം ലഭിക്കും.
ഫാത്തിമ മാതാവിന്റെ ചിത്രം നേരിട്ടു കാണാനുള്ള അവസരമാണു മറ്റൊന്ന്. പോര്‍ച്ചുഗലിലെ ഫാത്തിമ ദര്‍ശനത്തിന്റെ ചാപ്പലില്‍ ഒരു നൂറ്റാണ്ടായി വണങ്ങപ്പെടുന്ന ചിത്രം, യുജനസമ്മേളനത്തിന്റെ അവസാനദിനമായ ആറിന് ഫ്രാൻസിസ് മാര്‍പാപ്പ ദിവ്യബലിയര്‍പ്പിക്കുന്ന അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും.
അഞ്ചിന് ഫാത്തിമ സന്ദര്‍ശിച്ചും മാര്‍പാപ്പ ചിത്രത്തിനു മുന്നില്‍ പ്രാര്‍ഥിക്കും. മഗ്ദലന മേരി, തോമസ് അക്വിനാസ്, മദര്‍ തെരേസ, ലിസ്യുവിലെ തെരേസ തുടങ്ങിയ വിശുദ്ധരുടെയും 1986ല്‍ യുവജനദിനാഘോഷത്തിനു തുടക്കം കുറിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമൻ മാര്‍പാപ്പയുടെയും തിരുശേഷിപ്പുകള്‍ വണങ്ങാനുള്ള അവസരം ലിസ്ബണില്‍ ഒരുക്കിയിട്ടുണ്ട്.
സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ തങ്ങള്‍ മുഖാന്തിരം ഉത്പാദിപ്പിക്കപ്പെടുന്ന കാര്‍ബണ്‍ വാതകങ്ങളുടെ അളവ് വ്യക്തമാക്കാൻ സഹായിക്കുന്ന ആപ്പ് മൊബൈലില്‍ ഇൻസ്റ്റാള്‍ ചെയ്യണം. പ്ലാസ്റ്റിക്കിനു പകരം പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പികളിലായിരിക്കും കുടിവെള്ളം നല്‍കുക.