ലിസ്ബൺ: ഓഗസ്റ്റ് ഒന്നു മുതൽ ആരംഭിക്കുന്ന ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ ഓസ്ട്രേലിയയിലെ സിറോ മലബാർ യൂത്ത് മൂവ്മെന്റിൽനിന്നുള്ള പ്രതിനിധികൾ പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലേക്കു യാത്ര തിരിച്ചു. മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയിലെ ബിഷപ്പ് എമരിറ്റസ് ബോസ്കോ പുത്തൂരിന്റെ നേതൃത്വത്തിലാണ് 58 അംഗ സംഘം യാത്ര തിരിച്ചത്. വിവിധ ഗ്രൂപ്പുകളിലായി ഇന്നും ഇന്നലെയുമായാണ് സംഘം ഓസ്ട്രേലിയയിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് ലിസ്ബണിലേക്കു പോയത്.ഫ്രാൻസിസ് പാപ്പയുടെ അനുഗ്രഹീത സാന്നിധ്യമുള്ള ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ അസുലഭാവസരം ലഭിച്ച യുവജനങ്ങളെ പ്രാർത്ഥനകളോടെയാണ് വിവിധ സിറോ മലബാർ ഇടവകകൾ യാത്രയാക്കിയത്. ഓഗസ്റ്റ് ഒന്നുമുതൽ ആറു വരെയാണ് ലോക യുവജന സംഗമം. ഓഗസ്റ്റ് രണ്ടിനാണ് മാർപ്പാപ്പ ലിസ്ബണിൽ എത്തുന്നത്. പാപ്പയുടെ സാന്നിധ്യത്തിൽ നിരവധി പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.
യുവജന ദിനത്തിന് ലോകം മുഴുവനിൽ നിന്ന് ഏകദേശം ആറു ലക്ഷം യുവജനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോർച്ചുഗീസിന്റെ തലസ്ഥാനത്തേക്കുള്ള യാത്രകൾ പലരും ആരംഭിച്ചു കഴിഞ്ഞു.യുവജന പ്രേഷിതത്വത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്താൻ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് 1986ൽ ആഗോള യുവജന ദിനാഘോഷത്തിന് തുടക്കമിട്ടത്.ലോക യുവജന ദിനത്തിൽ പങ്കെടുക്കുന്ന ഏറ്റവും വലിയ അഞ്ച് സംഘങ്ങളിലൊന്ന് അമേരിക്കയിൽ നിന്നാണ്. 28,600-ലധികം യുവജനങ്ങളാണ് അമേരിക്കയിൽനിന്ന് എത്തുന്നത്.ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനകളും അർപ്പിക്കപ്പെടുന്ന, വിശ്വാസ പ്രബോധനങ്ങളും പ്രഭാഷണങ്ങളും സംഗീത സാംസ്ക്കാരിക പരിപാടികളും അരങ്ങേറുന്ന ലോക യുവജന സംഗമത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ്, സംഗമവേദിയിൽ ഒരുക്കുന്ന കുമ്പസാരത്തിനുള്ള വിപുലമായ സൗകര്യങ്ങൾ.ക്രൈസ്തവ കൂട്ടായ്മയ്ക്ക് ഉപരിയായി പങ്കുവയ്ക്കൽ, അനുരഞ്ജനം, മതബോധനം, നവീകരണം, ദൈവവിളി, ക്രിസ്തുവിനോടും സഭയോടുമുള്ള സ്നേഹം, മാർപാപ്പയോടുള്ള ആദരവ് എന്നിവ സമ്മേളനത്തിൽ യുവജനങ്ങൾക്കു ലഭിക്കുന്ന അപൂർവ്വ മൂല്യങ്ങളാണ്.