ഡെന്‍വര്‍ : വിമാനത്തിലേക്ക് വീല്‍ ചെയറില്‍ കയറുന്നതിനിടെയുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് കിടപ്പിലായ 25 കാരി മരിച്ചു. അമേരിക്കയിലെ പ്രമുഖ എയര്‍ലൈന്‍ സര്‍വ്വീസായ സൌത്ത് വെസ്റ്റിന്റെ വിമാനത്തിലേക്ക് കയറുന്നതിനിടെ വാക്ക് വേയില്‍ തട്ടിയാണ് 25കാരിയായ ഗാബി അസോലിന്‍ നിലത്ത് വീഴുന്നത്. ജനിതക രോഗം മൂലം നടക്കുന്നതിന് ബുദ്ധിമുട്ടുള്ള ഗാബി വീല്‍ ചെയറിന്റെ സഹായത്തോടെയായിരുന്നു സഞ്ചരിച്ചിരുന്നത്. അപകടത്തിലേറ്റ പരിക്ക് യുവതിയുടെ അവസ്ഥ കൂടുതല്‍ ദുഷ്കരമാക്കുകയായിരുന്നു. നടുവിനും തലയ്ക്കുമേറ്റ പരിക്കോടെ യുവതി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്.
ഒരു വര്‍ഷത്തോളം വെന്റിലേറ്ററില്‍ കഴിഞ്ഞതിന് ശേഷമാണ് യുവതി മരണത്തിന് കീഴടങ്ങിയത്. ഡെന്‍വറിലുള്ള സഹോദരിയെ കാണാനുള്ള യാത്രയാണ് ഗാബിയെ കിടപ്പിലാക്കിയത്. ഗാബിക്ക് പരിക്കേറ്റതിന് പിന്നാലെ കുടുംബം സൌത്ത് വെസ്റ്റ് എയര്‍ലൈനിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ഇലക്ട്രിക് വീല്‍ ചെയറില്‍ റാംപിലൂടെ കയറുന്നതിനിടയില്‍ വാക്ക് വേയിലുണ്ടായ തടസമാണ് ഗാബി നിലത്തുവീഴുന്നതിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി വിശദമാക്കുന്നത്. ഈ വീഴ്ചയോടെ ഗാബിയുടെ ശരീരം തളര്‍ന്ന അവസ്ഥയിലായിരുന്നു. സൌത്ത് വെസ്റ്റ് എയര്‍ലൈനിനും ഗേറ്റ് സ്റ്റാഫിനെതിരെയുമായിരുന്നു കുടുംബത്തിന്റെ പരാതി.
എന്നാല്‍ വീല്‍ ചെയറില്‍ വാക്ക് വേയിലുടെ പോകുന്നതിനിടയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ച് ഗാബിക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും ഇത് പാലിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നുമാണ് എയര്‍ലൈന്‍ അധികൃതര്‍ വിഷയത്തേക്കുറിച്ച് വിശദമാക്കുന്നത്. ചൊവ്വാഴ്ച ഗാബിയുടെ മരണവാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ എയര്‍ലൈന്‍ അധികൃതര്‍ അനുശോചന കുറിപ്പ് പുറത്ത് വിട്ടിരുന്നു. 12 വയസ് പ്രായമുള്ളപ്പോഴാണ് ഗാബിക്ക് അപൂര്‍വ്വ ജനിതക രോഗം സ്ഥിരീകരിച്ചത്. ചെറിയ ദൂരം പോലും നടക്കാന്‍ സാധിക്കാത്ത അവസ്ഥായായിരുന്നു യുവതിക്കുണ്ടായിരുന്നത്.