കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ജംഗ്ഷനിൽ ബസ് ഇടിച്ച് ചക്രത്തിനടിയിപ്പെട്ട് പരിക്കേറ്റ കാൽനട യാത്രക്കാരി മരിച്ചു. ബാലുശേരി എരമംഗലം കണ്ണങ്കോട് ചെട്ടിയാംകണ്ടി സ്വദേശി ഷൈനി (47)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയക്ക് മൂന്നേകാൽ മണിയോടെയാണ് അപകടം. മാവൂർ ഭാഗത്ത് നിന്ന് നഗരത്തിലേക്ക് വരികായിരുന്ന ബസാണ് ഷൈനിയെ ഇടിച്ചിട്ടത്. അമിത വേഗതയിൽ വരികയായിരുന്ന ബസ് വളവിൽ വച്ച് ഷൈനിയെ ഇടിച്ചിടുകയായിരുന്നു.
ഇടിച്ചിട്ടും നിർത്താതെ മുന്നോട്ട് പോയ ബസിന്റെ ചക്രത്തിനടിയില്‍ യുവതി അകപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടം നടന്ന ഉടനെ തന്നെ ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു. ബസിന്റെ ഹാൻഡ് ബ്രേക്ക് ഇട്ടതിനാൽ ആളുകൾ ബസ് തള്ളി മാറ്റിയാണ് ചക്രത്തിനടിയിൽ നിന്ന് യുവതിയെ പുറത്തെടുത്തത്. അപകടത്തില്‍ തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ ഷൈനിയെ മെഡിക്കൽ കോളേജ് ആശ് പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.