വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സഹ സ്ഥാപകനും ശതകോടീശ്വരനുമായ ബില്‍ഗേറ്റ്സിന്റെ സ്വകാര്യ ഓഫീസിലേക്ക് ജോലിക്ക് അപേക്ഷിച്ച യുവതികളോട് ലൈംഗിക ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ചതായി റിപ്പോര്‍ട്ട്.ലൈംഗിക താല്പര്യങ്ങള്, മുൻകാല ബന്ധങ്ങള്‍ തുടങ്ങിയ ചോദ്യങ്ങളാണ് ചോദിച്ചതെന്ന് ദി വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉദ്യോഗാര്‍ഥിയുടെ മുൻകാല ലഹരി ഉപയോഗം, വിവാഹേതര ബന്ധം എന്നിവ സംബന്ധിച്ച ചോദ്യങ്ങളും ഇതില്‍ ഉള്‍പ്പെടും. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്താൻ സാധിക്കും വിധമുള്ള ചോദ്യങ്ങള്‍ തയ്യാറാക്കിയത് ഒരു സ്വകാര്യ സുരക്ഷാ സ്ഥാപനമാണ്.
ഇതുവരെ വിവാഹേതര ബന്ധം ഉണ്ടായിട്ടുണ്ടോ, ഏത് തരം ലൈംഗിക താല്പര്യമാണുള്ളത്, അശ്ലീല വിഡിയോകള്‍ കാണാറുണ്ടോ, സ്വന്തം മൊബൈലില്‍ ഇത്തരം ചിത്രങ്ങളുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ചില വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് നേരിടേണ്ടിവന്നത്. ചിലരോട് പണത്തിനായി നൃത്തം ചെയ്തിട്ടുണ്ടോ എന്നുവരെ ചോദിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ പുരുഷ ഉദ്യോഗാര്‍ഥികളോട് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചിട്ടില്ല. അതേസമയം ബില്‍ഗേറ്റ്സിന്റെ ഓഫീസ് വക്താവ് വിഷയത്തില്‍ പ്രതികരിച്ചു. അപേക്ഷകര്‍ ഇത്തരം ചോദ്യം ചെയ്യലിന് വിധേയരായത് തങ്ങള്‍ക്ക് അറിയില്ലെന്നും ഈ ചോദ്യം ചെയ്യല്‍ അസ്വീകാര്യവും കരാര്‍ ലംഘനമാമണെന്നും വക്താവ് വ്യക്തമാക്കി. ബ്ലും ബര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം ലോകത്തെ ഏറ്റവും ധനികനായ നാലാമത്തെ വ്യക്തിയാണ് ബില്‍ഗേറ്റ്സ്.