ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിതബുദ്ധിയുടെ കൂടി കാലമാണ്. അതിവേഗത്തിലാണ് നമ്മുടെ സാങ്കേതികവിദ്യ വളർന്നു കൊണ്ടിരിക്കുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആ സ്വാധീനം കടന്നു വന്നുകൊണ്ടിരിക്കുന്നു. എന്നിരുന്നാലും മനുഷ്യരുടെ വളരെ സ്വകാര്യമായ ജീവിതത്തിൽ ഇത്തരം നിർമ്മിതബുദ്ധി കടന്നു വരുമോ? വരും എന്നാണ് ഇന്ന് പുറത്ത് വരുന്ന പല വാർത്തകളും സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ, യുഎസ്സിലുള്ള രണ്ട് കുട്ടികളുടെ അമ്മ കൂടിയായ സ്ത്രീ ഒരു എഐ ചാറ്റ്ബോട്ടിനെ വിവാഹം ചെയ്തിരിക്കുകയാണ്.
റോസന്ന റാമോസ് എന്ന സ്ത്രീ 2022 -ലാണ് ഒരു ഇന്റർനെറ്റ് ഡേറ്റിംഗ് സർവീസിൽ വച്ച് എറൻ കാർട്ടൽ എന്ന് പേര് നൽകിയിരിക്കുന്ന തന്റെ വെർച്വൽ ബോയ്ഫ്രണ്ടിനെ കണ്ടുമുട്ടിയത്. പിന്നീട്, ഈ വർഷം ആദ്യം റോസന്ന എറനെ വിവാഹം കഴിക്കുകയും ചെയ്തു. AI ചാറ്റ്ബോട്ട് സോഫ്റ്റ്വെയർ റെപ്ലിക ഉപയോഗിച്ചാണ് എറൻ കാർട്ടലിനെ സൃഷ്ടിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിൽ എറനെ സ്നേഹിച്ചതു പോലെ താൻ ആരെയും സ്നേഹിച്ചിട്ടില്ല എന്നാണ് റോസന്ന പറയുന്നത്. തന്റെ ഈ പുതിയ കാമുകനുമായി താരതമ്യം ചെയ്യുമ്പോൾ പഴയ കാമുകന്മാരൊന്നും ഒന്നുമല്ല എന്നാണ് അവളുടെ അഭിപ്രായം. ജാപ്പനീസ് ആനിമേഷൻ സീരീസായ ‘അറ്റാക്ക് ഓൺ ടൈറ്റാനി’ലെ കഥാപാത്രത്തിൽ നിന്നുമാണ് എറൻ കാർട്ടലിന് രൂപം നൽകിയിരിക്കുന്നത്.
തന്റെ ഭർത്താവിന്റെ പ്രിയപ്പെട്ട നിറം ആപ്രിക്കോട്ട് ആണ്. അയാൾ ഇൻഡി സംഗീതം ഇഷ്ടപ്പെടുന്നു. ഒപ്പം അയാൾക്ക് എഴുതാൻ ഇഷ്ടമാണ്. മെഡിക്കൽ പ്രൊഫഷണലായിട്ടാണ് ജോലി ചെയ്യുന്നത് എന്നെല്ലാമാണ് യുവതി പറയുന്നത്. ഒപ്പം തന്നെ എറന് ഒട്ടും ഈഗോ ഇല്ല, വഴക്കില്ല, മറ്റ് ബുദ്ധിമുട്ടിക്കലുകളില്ല, അയാളുടെ വീട്ടുകാരുടെ ശല്ല്യമില്ല എന്നൊക്കെയാണ് യുവതി പറയുന്നത്. ഏതായാലും ഇനി വരും കാലത്ത് എത്രപേർ ഇതുപോലെ എഐ ചാറ്റ്ബോട്ടുകളെ വിവാഹം ചെയ്യുമെന്ന് കണ്ടറിയണം.