ലക്നൗ: ആദ്യ രാത്രിയിൽ ഭർത്താവിനോട് യുവതി കഞ്ചാവും ബിയറും ചോദിച്ചതിനെച്ചൊല്ലി വീട്ടുകാർ തമ്മിലുണ്ടായ പ്രശ്നങ്ങൾ ഒടുവിൽ പൊലീസ് സ്റ്റേഷൻ വരെയെത്തി. ഉത്തർപ്രദേശിലെ സഹ്റാൻപൂരിൽ നടന്ന സംഭവത്തെക്കുറിച്ച് ഡെക്കാൻ ക്രോണിക്കിളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരമ്പരാഗത രീതിയിലെ വിവാഹ ചടങ്ങുകൾക്കെല്ലാം ശേഷം രാത്രിയിൽ മുറിയിൽ വെച്ചാണ് യുവതി വിചിത്രമായ ആവശ്യമുന്നയിച്ചത്.
ബിയറും കഞ്ചാവും ആട്ടിറച്ചിയും വേണമെന്ന യുവതിയുടെ ആവശ്യം കേട്ട് ഞെട്ടിയ ഭർത്താവ് പിന്നീട് നിർബന്ധം തുടർന്നപ്പോൾ ബിയർ സംഘടിപ്പിക്കാമെന്ന് സമ്മതിച്ചു. എന്നാൽ കഞ്ചാവും ആട്ടിറച്ചിയും വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിന്ന് യുവതി നിർബന്ധം പിടിച്ചതോടെ ഭർത്താവ് തന്റെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നത്രെ. ആവശ്യങ്ങൾ കേട്ടപ്പോൾ അത്രയ്ക്കങ്ങ് ഇഷ്ടപ്പെടാതിരുന്ന വീട്ടുകാർ സംഭവത്തിൽ പൊലീസ് ഇടപെടൽ വേണമെന്ന് ശഠിച്ചു.
പരാതി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ രണ്ട് വീട്ടുകാരെയും അനുനയിപ്പിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. ഇതിനിടെ വധു സ്ത്രീയല്ലെന്നും ട്രാൻസ് ജെൻഡറാണെന്നും വരന്റെ വീട്ടുകാർ ആരോപിച്ചു. എന്നാൽ ആരും പൊലീസിൽ രേഖാമൂലം പരാതി നൽകാൻ തയ്യാറായില്ല. കുറച്ച് നേരത്തെ വാക്കേറ്റങ്ങൾക്ക് ശേഷം പ്രശ്നം വീട്ടിൽ വെച്ച് ചർച്ചയിലൂടെ പരിഹരിക്കാമെന്ന് പറഞ്ഞ് രണ്ട് വീട്ടുകാരും മടങ്ങുകയായിരുന്നത്രെ.