തിരുവനന്തപുരം: സിനിമ സീരിയല്‍ നടി അപര്‍ണാ നായരുടെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകരും സുഹൃത്തുക്കളും. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് അപര്‍ണാ നായരെ കണ്ടെത്തിയത്. നിരവധി പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അപര്‍ണ. അപര്‍ണ്ണയുടെ മരണം പ്രേക്ഷകര്‍ക്കും സുഹൃത്തുക്കള്‍ക്കും സീരിയല്‍ ലോകത്തിനുമൊന്നും ഉള്‍ക്കൊള്ളാനായിട്ടില്ല. എന്തിനാണ് അപര്‍ണ ജീവനൊടുക്കിയത് എന്ന ചോദ്യമാണ് എല്ലാവരുടേയും മുഖത്ത്.സജീവമല്ലാത്ത ഫേസ്ബുക്ക് അക്കൌണ്ടും, വളരെയേറെ സജീവമായ ഇൻസ്റ്റഗ്രാം പേജുമാണ് അപർണ നായരുടെ പേരിലുള്ളത്. ഇൻസ്റ്റഗ്രാമിലെ അപര്‍ണ്ണയുടെ അക്കൌണ്ടില്‍ അഭിനയത്തിന്റെ വിവരങ്ങളോ, നടി എന്ന രീതിയിലെ വലിയ പ്രമോഷനുകളോ കാണാനാകില്ല. കുടുംബവുമായി തന്റെ നിമിഷങ്ങള്‍ ചിലവഴിക്കുന്ന ഒരു വീട്ടമ്മയാണ് അപര്‍ണ്ണ എന്നെ തോന്നു. കുട്ടികള്‍ക്കൊപ്പവും ഭര്‍ത്താവിനൊപ്പവും ഉള്ള നിരവധി നിമിഷങ്ങള്‍ മനോഹരമായ ഗാനങ്ങള്‍ ചേര്‍ത്ത് അപര്‍ണ്ണ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അവസാനത്തെ പോസ്റ്റ് പോലും വളരെ സന്തോഷം നിറഞ്ഞതായിരുന്നു. മകള്‍ക്കൊപ്പമുള്ള ഫോട്ടോയില്‍
“എന്റെ ഉണ്ണി കളി പെണ്ണ്” എന്നാണ് അപര്‍ണ്ണ എഴുതിയിരിക്കുന്നത്. അപര്‍ണ്ണയുടെ മരണം സംഭവിക്കുന്നത് മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു ഈ പോസ്റ്റെന്നാണ് പോസ്റ്റിന്റെ ടൈം വ്യക്തമാക്കുന്നത്.
അപര്‍ണ്ണയുടെ പോസ്റ്റിന് അടിയില്‍ വളരെ വേദനയോടെയാണ് പല കമന്റുകളും വരുന്നത്. ഈ പോസ്റ്റിട്ടത് മരിക്കാനായിരുന്നുവോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നീ എന്തിനിത് ചെയ്തു? ഈ കുഞ്ഞുമക്കളെ ഓര്‍ത്തൂടായിരുന്നോ? ഇങ്ങനെ നിരവധി കമന്റുകള്‍ പോസ്റ്റിന് അടിയില്‍ വരുന്നുണ്ട്.