കണ്ണൂർ: കണ്ണൂർ കക്കാട് ഒമ്നി വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പതിനഞ്ചുകാരിയുടെ ഇല്ലാക്കഥ. ഇടറോഡിൽ വച്ച് വാഹനത്തിൽ ബലം പ്രയോഗിച്ച് കയറ്റാൻ ശ്രമിച്ചെന്നായിരുന്നു പരാതി. പൊലീസ് അന്വേഷണത്തിൽ കുട്ടി വെറുതെ പറഞ്ഞതാണെന്ന് വ്യക്തമായി. സംഭവമറിഞ്ഞ് മേയറുൾപ്പെടെ സ്ഥലത്തെത്തിയിരുന്നു.
ഇന്ന് രാവിലെ കക്കാട് നിന്ന് പളളിക്കുന്നിലേക്കുള്ള ഇടറോഡിലൂടെ സ്കൂളിലേക്ക് പോകുന്നതിനിടെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നു എന്നായിരുന്നു പെണ്‍കുട്ടിയുടെ കഥ. പ്രധാന റോഡിലേക്ക് കയറുന്നതിന് മുമ്പ് ഒരു ഒമ്നി വാൻ തന്റെ അടുത്തെത്തി നിർത്തി ബലം പ്രയോഗിച്ച് കയറ്റാൻ ശ്രമിച്ചെന്നായിരുന്നു കുട്ടി പറഞ്ഞത്. പട്ടാപ്പകൽ പ്രധാന നിരത്തിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന വിവരം നാടാകെ പടർന്നു. പൊലീസ് സ്ഥലത്തെത്തി. സിസിടിവിയിൽ പ്രധാന റോഡിലൂടെ ഒരു ഒമ്നി വാൻ കടന്നുപോകുന്നത് കണ്ടു. എന്നാൽ ഇടറോഡിലേക്ക് കയറുന്ന ദൃശ്യങ്ങൾ കിട്ടിയില്ല. വിവരമറിഞ്ഞ് മേയറുൾപ്പെടെ സ്ഥലത്തെത്തി. കക്കാട്, പുഴാതി പ്രദേശങ്ങളിൽ സമാന സംഭവങ്ങളുണ്ടായെന്നും നടപടിയില്ലെന്നും ആരോപണം ഉയര്‍ന്നു.