കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന് സച്ചിന് സാവന്ദിന്റെ ഇഡിക്ക് നല്കിയ മൊഴിയുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളില്‍ നടി നവ്യ നായരുടെ പേര് ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ മുംബൈയിൽ തന്റെ റെഡിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാരൻ എന്നത് മാത്രമാണ് സച്ചിന് സാവന്ദുമായി തനിക്കുള്ള പരിചയമെന്നും അതിനപ്പുറം അടുപ്പമില്ലെന്നുമാണ് നവ്യ നായര്‍ ഇ ഡിക്ക് മൊഴി നല്‍കിയത്.
മുംബൈയിലെ പരിചയക്കാരൻ എന്ന നിലയ്ക്ക് ഗുരുവായൂരിൽ പോവാൻ നവ്യ പലവട്ടം സൗകര്യം ചെയ്ത് കൊടുത്തിട്ടുണ്ടെന്ന് നവ്യ നായരുടെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. നവ്യയുടെ മകന്റെ പിറന്നാൾ ദിനത്തിൽ നൽകിയ സമ്മാനമല്ലാതെ മറ്റൊന്നും നൽകിയിട്ടില്ലെന്നും കുടുംബം വിശദീകരിച്ചു.
ഇതിനിടെ നവ്യയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ശ്രദ്ധിക്കപ്പെടുകയാണ്. നവ്യയ്ക്ക് പിന്തുണ നല്കി ഒരു ആരാധകന് പങ്കുവച്ച സ്റ്റോറിയാണ് നവ്യ പങ്കിട്ടിരിക്കുന്നത്. നിരവധി പേരാണ് ഈ കുറിപ്പ് സ്റ്റോറിയായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ പലതും നവ്യ ഷെയര്‍ ചെയ്തിട്ടുണ്ട്.
വൈറലായ നവ്യയെ പിന്തുണയ്ക്കുന്ന ഇംഗ്ലീഷിലുള്ള കുറിപ്പ് ഇങ്ങനെയാണ്, “കഴിഞ്ഞ കുറച്ചുദിവസമായി ഒരു വ്യാജ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. എന്‍ഫോഴ്സ്മെന്റ് തന്നെ ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. മുഖ്യധാര മാധ്യമങ്ങള്‍ അത് പിന്തുടര്‍ന്നതോടെ ആ വാര്‍ത്ത മുങ്ങിപ്പോയിരിക്കുകയാണ്. ജനാധിപത്യത്തിന്റെ നാലാം തൂണ് മാനസികമായി ഒരു പൌരനെ കൊല്ലുകയാണ്. കടലില്‍ ഒരു കല്ല് ഇടുമ്പോള്‍ അത് ചെന്നെത്തുന്ന ആഴവും അറിയണം.