ഓസ്ട്രേലിയൻ പൗരത്വമുള്ളവർക്ക് വിദേശത്ത് മരണം സംഭവിച്ചാൽ എംബസി വഴി ഓസ്ട്രേലിയൻ സർക്കാരിൻറ വിവിധ സഹായങ്ങൾ ലഭ്യമാകും.ഉറ്റവരുടെ വിയോഗം നമ്മൾ ചിന്തിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ പോലും വിഷമകരമായൊരു യാഥാർത്ഥ്യമാണ്.സുഹൃത്തുക്കളും ബന്ധുക്കളും, അസോസിയേഷനുകളുമെല്ലാം നമ്മൾക്ക് പിന്തുണയുമായുണ്ടാകുമെങ്കിലും മരണം മാനസീകമായും സാമ്പത്തികമായും വലിയ സമ്മർദ്ദമാണ് പലപ്പോഴും സമ്മാനിക്കുന്നത്.മരണം സംഭവിക്കുന്നത് വിദേശത്താണെങ്കിൽ ബുദ്ധിമുട്ടിൻറെ വ്യാപ്തിയും വർദ്ധിക്കും.മരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൃത്യമായി പൂർത്തീകരിച്ചില്ലെങ്കിൽ സാമ്പത്തികമായും നിയമപരമായും ഒട്ടേറെ വിഷമങ്ങൾ പിന്നീട് നേരിടേണ്ടി വന്നേക്കാം.
മരിച്ചത് ഓസ്ട്രേലിയൻ പൗരത്വമുളളയാളാണെങ്കിൽ അതത് പ്രദേശത്തെ ഓസ്ട്രേലിയൻ എംബസിയേയോ/ഹൈക്കമ്മീഷനെയോ/ കോൺസുലേറ്റിനെയോ മരണ വിവരം അറിയിക്കണമെന്നാണ് ഓസ്ട്രേലിയൻ അധികൃതർ നൽകുന്ന നിർദ്ദേശം.ഓസ്ട്രേലിയൻ അധികൃതരുടെ ഭാഗത്തു നിന്ന് പിന്തുണ ലഭിക്കുമെങ്കിലും നിയമപരവും പ്രായോഗികവുമായ പരിമിതികൾ ഉണ്ടാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.മരണം സംഭവിക്കുന്ന രാജ്യത്തെയോ, പ്രദേശത്തെയോ ഭരണകൂടങ്ങളുമായി ബന്ധപ്പെട്ടാകും അന്വേഷണങ്ങളും നടപടിക്രമങ്ങളും പൂർത്തീകരിക്കുക. ഇതിൽ എംബസിക്ക് ഔദ്യോഗികമായി ഇടപെടാനാകില്ല.
അതത് രാജ്യങ്ങളിലെ ഓസ്ട്രേലിയൻ എംബസികൾക്ക് പുറമെ അടിയന്തര സാഹചര്യങ്ങളിൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കോൺസുലർ എമർജൻസി സെൻററുമായും ബന്ധപ്പെടാവുന്നതാണ്.
വിദേശത്ത് നിന്ന് വിളിക്കേണ്ട നമ്പർ- +61 2 6261 3305
ഓസ്ട്രേലിയയിൽ നിന്ന് വിളിക്കേണ്ട നമ്പർ- 1300 555 135
മരിച്ചയാളുടെ അടുത്ത ബന്ധുക്കളായിരിക്കണം നടപടി ക്രമങ്ങൾ പൂർത്തികരിക്കുന്നതിനായി പ്രാദേശിക ഭരണസംവിധാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ടത്.ഭാഷാപരമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് പരിഭാഷകരുടെ സേവനം ലഭ്യമാകുന്നതിനായി ഓസ്ട്രേലിയൻ അധികൃതർ സഹായിക്കും.മരണസമയത്ത് കൂടെയുണ്ടായിരുന്നവരെ അന്വേഷണത്തിൻറെ ഭാഗമായി അതത് രാജ്യങ്ങളിലെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കാം.ചില പ്രത്യേക സാഹചര്യങ്ങളിൽ കൂടെയുണ്ടായിരുന്നവർ അന്വേഷണം പൂർത്തിയാകുന്നത് വരെ മരണം സംഭവിച്ച രാജ്യത്ത് തുടരേണ്ടിയും വന്നേക്കാം.
മരണം സംഭവിക്കുന്ന രാജ്യത്തെ നിയമപരമായ നടപടി ക്രമങ്ങൾ മനസിലാക്കുവാൻ ഓസ്ട്രേലിയൻ അധികൃതർ സഹായിക്കുമെങ്കിലും വ്യക്തിപരമായ നിയമോപദേശങ്ങൾ നൽകില്ല. മാത്രമല്ല, മരണകാരണം സംബന്ധിച്ച അന്വേഷണവും ഓസ്ട്രേലിയൻ അധികൃതർ നടത്തില്ല.മൃതദേഹം ഓസ്ട്രേലിയയിൽ എത്തിക്കുന്നതിനുള്ള ചെലവ്, സംസ്കാര ചടങ്ങുകൾ നടത്തുന്ന പ്രാദേശിക കമ്പനികളുടെ വിവരങ്ങൾ, സംസ്കാരചടങ്ങുകളുടെ ചെലവ് എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാൻ ഓസ്ട്രേലിയൻ അധികൃതർ സഹായിക്കും.എന്നാൽ, മൃതദേഹം ഓസ്ട്രേലിയയിൽ എത്തിക്കുന്നതിനോ, സംസ്കാരവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളുടെയോ ചെലവുകൾ ഓസ്ട്രേലിയൻ അധികൃതർ ഏറ്റെടുക്കില്ല.വിദേശത്ത് സംഭവിക്കുന്ന മരണങ്ങളുടെ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് ചെലവേറുമെന്നതിനാൽ യാത്രാ ഇൻഷൂറൻസ് എടുക്കണമെന്നാണ് ഓസ്ട്രേലിയൻ അധികൃതർ നൽകുന്ന ഉപദേശം.