കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്ന് പത്താം ദിവസവും തുടരും. ഇന്നലെ മൃതദേഹഭാഗം കിട്ടിയ സൺറൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം. തെരച്ചിലിന് കഡാവർ നായകളും ഉണ്ടാകും. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാർ കേന്ദ്രീകരിച്ചും പതിവ് തെരച്ചിൽ ഉണ്ടാകും. ആറ് സോണുകളായി തിരിഞ്ഞാകും തെരച്ചിൽ.
ശനിയാഴ്ച പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും ഇന്ന് തുടരും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഇന്ന് വയനാട്ടിലെത്തും. ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാംപുകളിലായി 1968 പേരുമുണ്ട്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകൾ കണ്ടെത്തുന്ന നടപടികളും തുടരുകയാണ്