മാനന്തവാടി: വയനാട് മാനന്തവാടി കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ എട്ടുമണിയോടെ നടപടികൾ തുടങ്ങും. പതിനൊന്നുമണിയോടെ മൃതദേഹം മക്കിമല സർക്കാർ എൽപി സ്കൂളിലേക്ക് എത്തിക്കും. 12 മണിക്ക് പൊതുദർശനം ആരംഭിക്കും. രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ ജില്ലയിൽ ക്യാമ്പ് ചെയ്താണ് തുടർ നടപടികൾ ഏകോപിപ്പിക്കുന്നത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്. ഇരുവരേയും ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും വിശദാന്വേഷണവും ഇന്ന് തുടങ്ങും. മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കുമുള്ള ധനസഹായം പ്രഖ്യാപിക്കുന്നതിലും വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജീപ്പ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തലപ്പുഴയിൽ വ്യാപാരികൾ ഇന്ന് കടകൾ അടച്ചിടും. മാനന്തവാടി താലൂക്കിൽ ഇന്ന് നിച്ഛയിച്ചിരുന്ന എല്ലാ ഓണാഘോഷ പരിപാടികളും മാറ്റിവച്ചു.