ഞെളിയന്‍പറമ്പ്: കോഴിക്കോട് ഞെളിയമ്പറമ്പിലെ മാലിന്യ സംസ്കരണ പദ്ധതിയുടെ കരാര്‍ സോണ്ട കന്പനിക്ക് നല്കിയ വിഷയത്തില്‍ കോര്പറേഷന് ഇന്ന് നിലപാട് വിശദീകരിക്കും. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് കൗണ്‍സില്‍ യോഗം. കരാര്‍ റദ്ദാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ളാന്റിലെ തീയും പുകയും.ഇതിനെത്തുടര്‍ന്ന് നടന്ന ചര്‍ച്ചകളുമാണ് കോഴിക്കോട് ഞെളിയന്‍പറന്പിലെ സാഹചര്യത്തിലേക്ക് വെളിച്ചം വീശിയത്.
മാലിന്യങ്ങള്‍ തരംതിരിക്കുന്നതിനും മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിനുമുളള കരാര്‍ എടുത്ത സോണ്ട കന്പനി ഇതുവരെയുളള പ്രവര്‍ത്തനങ്ങളില്‍ വരുത്തിയ വീഴ്ചകള്‍ ഇതോടെ പുറത്തു വന്നു. ഞെളിയന്‍പറമ്പിലെ 12.67 ഏക്കര്‍ ഭൂമി കന്പനിക്ക് പാട്ടത്തിന് നല്‍കിയതടക്കമുളള കാര്യങ്ങളും പിന്നാലെ പുറത്തു വന്നു. ഇതോടെയാണ് പദ്ധതിയെ ക്കുറിച്ച് കോര്പറേഷന് വിശദീകരിക്കണമെന്നും വിവാദ കന്പനിയുമായുളള കരാറില്‍ നിന്ന് കോര്പറേഷന് പിന്‍മാറണമെന്നുമുളള ആവശ്യം പ്രതിപക്ഷം ശക്തമാക്കിയത്.