പെർത്ത്: പടിഞ്ഞാറൻ ഓസ്ട്രേലിയ സംസ്ഥാനത്ത് ഗർഭഛിദ്രം എളുപ്പത്തിൽ സാധ്യമാകാൻ ഉതകും വിധം നിയമനിർമാണം നടത്തുന്നതിനെതിരേ ഒപ്പുശേഖരണവുമായി ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബി (എ.സി.എൽ). സംസ്ഥാന പാർലമെന്റിൽ അവതരിപ്പിച്ച അബോർഷൻ നിയമ പരിഷ്കരണ ബില്ലിനെ എതിർത്തും അനുകൂലിച്ചും ചർച്ചകൾ നടക്കുമ്പോഴാണ് ക്രൈസ്തവ സംഘടനയായ എ.സി.എൽ ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിനായി രംഗത്തുവന്നിരിക്കുന്നത്.
മാനസിക-സാമൂഹിക കാരണങ്ങളാൽ ഏറെ വൈകിയാലും ഗർഭഛിദ്രം അനുവദിക്കുന്നതാണു പുതിയ ബില്ലിലെ ശിപാർശകൾ. ബിൽ പ്രാബല്യത്തിൽ വന്നാൽ പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ താമസിക്കുന്ന സ്ത്രീകൾക്ക് ഗർഭഛിദ്രം കൂടുതൽ എളുപ്പത്തിലും നേരത്തെയും സാധ്യമാകും. ഇതോടെ ഗർഭഛിദ്രങ്ങളുടെ എണ്ണം കുത്തനെ വർധിക്കുമെന്ന് പ്രോ-ലൈഫ് സംഘടനകൾ ആശങ്കപ്പെടുന്നു. ഗർഭഛിദ്രത്തിനായി തന്നെ കാണാനെത്തുന്ന സ്ത്രീയെ ഡോക്ടർ റഫർ ചെയ്യേണ്ടതിന്റെ ആവശ്യകത പുതിയ ബിൽ ഇല്ലാതാക്കുന്നു. ഗർഭഛിദ്രത്തിനു മുന്നോടിയായുള്ള നിർബന്ധിത കൗൺസിലിങ് ഒഴിവാക്കുന്നു. ഗർഭഛിദ്രത്തെ എതിർക്കുന്ന സമീപനമുള്ള ഡോക്ടർമാർ അബോർഷൻ വേണമെന്ന് ആവശ്യപ്പെട്ട് എത്തുന്നവരെ മറ്റു ഡോക്ടർമാരുടെ അടുത്തേക്ക് റഫർ ചെയ്യാനും ബിൽ ആവശ്യപ്പെടുന്നു.
നിലവിൽ 20 ആഴ്ചയ്ക്ക് ശേഷം ഗർഭഛിദ്രം നടത്താൻ ഒരു സ്ത്രീക്ക് ഡോക്ടർമാരുടെ പാനലിന്റെ അംഗീകാരം നേടിയെടുക്കണം. ബിൽ പാസായാൽ പാനൽ നിർത്തലാക്കുകയും ഗർഭഛിദ്രം ചെയ്യാനുള്ള സമയപരിധി 23 ആഴ്ചയായി ഉയർത്തുകയും ചെയ്യും.അതേസമയം ബില്ലിനെതിരേ കത്തോലിക്ക സഭ അടക്കം വലിയ എതിർപ്പുമായി രംഗത്തുവന്നിട്ടുണ്ട്. നിരപരാധിയും പ്രതിരോധിക്കാനാവാത്തതുമായ ഒരു മനുഷ്യ ജീവനെ ഏറ്റവും ദുരിതപൂർണമായി ഇല്ലാതാക്കുന്നതാണ് ഗർഭഛിദ്രമെന്ന് പെർത്ത് ആർച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ അഭിപ്രായപ്പെട്ടിരുന്നു.ഗർഭഛിദ്രം നടത്തുമ്പോൾ ഗർഭസ്ഥ ശിശുവിന് ഉണ്ടാകുന്ന വേദനയെക്കുറിച്ച് യാതൊരു പരിഗണനയും ബിൽ നൽകുന്നില്ല. ഗർഭഛിദ്രത്തെ എതിർക്കുന്ന ഡോക്ടർമാരുടെ മനുഷ്യാവകാശങ്ങളെയും മാനിക്കുന്നില്ലെന്ന് ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബി കുറ്റപ്പെടുത്തുന്നു.
സംസ്ഥാനത്ത് ഗർഭഛിദ്രങ്ങൾ വർധിക്കാൻ ഇടയാക്കുന്ന ബില്ലിനെതിരേ ഓൺലൈൻ കാമ്പെയ്നുമായി മുന്നോട്ടു പോകുകയാണ് എ.സി.എൽ. ഇതിൽ പങ്കാളികളാകാൻ മനുഷ്യ സ്നേഹികളുടെ പിന്തുണയും സംഘടന അഭ്യർത്ഥിക്കുന്നു.എ.സി.എല്ലിന്റെ വെബ്സൈറ്റ് സന്ദർശിച്ച് സംസ്ഥാന എംപിക്കും ലെജിസ്ലേറ്റീവ് കൗൺസിലർമാർക്കും, അബോർഷൻ നിയമ പരിഷ്കരണ ബില്ലിൽ എതിർപ്പ് അറിയിച്ചുകൊണ്ട് ഇ-മെയിൽ അയയ്ക്കാനും ഓൺലൈൻ ഒപ്പുശേഖരണത്തിൽ പങ്കാളിയാകാനും സാധിക്കും.