മോസ്കോ : യുക്രെയിനില്‍ നിന്ന് കരിങ്കടല്‍ വഴി ധാന്യക്കയറ്റുമതി പുനരാരംഭിക്കാൻ ഏര്‍പ്പെട്ട സുപ്രധാന കരാറിലെ പങ്കാളിത്തം റഷ്യ അവസാനിപ്പിച്ചതിന് പിന്നാലെ ആഗോള കമ്ബോളങ്ങളില്‍ ഗോതമ്ബിന്റെ വില കുത്തനെ ഉയര്‍ന്നു.കഴിഞ്ഞ ദിവസം, യൂറോപ്യൻ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഗോതമ്ബിന്റെ വില ഒമ്ബത് ശതമാനത്തോളം ഉയര്‍ന്ന് ടണ്ണിന് 284 ഡോളറായി . യു.എസ് മാര്‍ക്കറ്റില്‍ ഗോതമ്ബ് വിലയില്‍ 8.5 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം യുക്രെയിനില്‍ റഷ്യൻ ആക്രമണം ആരംഭിച്ച ശേഷം ഒറ്റ ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കണക്കുകളാണിത്. ചോളത്തിന്റെ വില അഞ്ച് ശതമാനം വരെ വര്‍ദ്ധിച്ചു.റഷ്യ കരാറില്‍ നിന്ന് പിന്മാറിയതോടെ ആഫ്രിക്കയിലേക്കും പടിഞ്ഞാറൻ ഏഷ്യയിലേക്കും എത്തേണ്ടിയിരുന്ന ലക്ഷക്കണക്കിന് ടണ്‍ ധാന്യങ്ങള്‍ യുക്രെയിനിലെ തുറമുഖങ്ങളില്‍ കുടുങ്ങി. ഈ തുറമുഖങ്ങള്‍ക്ക് നേരെ റഷ്യ ആക്രമണം വര്‍ദ്ധിപ്പിച്ചതായി യുക്രെയിൻ അറിയിച്ചു.
തെക്കൻ യുക്രെയിൻ നഗരമായ മൈക്കൊലൈവില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. ഇവിടുത്തെ ചൈനീസ് കോണ്‍സുലേറ്റ് കെട്ടിടത്തിന് കേടുപാടുണ്ട്. ധാന്യക്കയറ്റുമതി കരാറില്‍ നിന്ന് പിന്മാറിയ ശേഷം തുടര്‍ച്ചയായ മൂന്നാം ദിവസമാണ് റഷ്യ തെക്കൻ യുക്രെയിന് നേരെ ആക്രമണങ്ങള്‍ നടത്തിയത്. തുറമുഖ നഗരമായ ഒഡേസയിലും ആക്രമണം ശക്തമാണ്.