മോസ്കോ: റഷ്യയില്‍ യു.എസ് മാദ്ധ്യമപ്രവര്ത്തകന് ചാരവൃത്തി ആരോപിക്കപ്പെട്ട് അറസ്റ്റില്‍. ദ വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടറായ ഇവാന് ഗെര്ഷ്കോവിച് ( 31 ) ആണ് അറസ്റ്റിലായത്.റഷ്യയില്‍ റിപ്പോര്‍ട്ടിംഗ് ചെയ്ത് ഏറെ പരിചയസമ്ബത്തുള്ള ഇവാനെ മോസ്കോയില്‍ നിന്ന് 1,800 കിലോമീറ്റര്‍ അകലെ കിഴക്കുള്ള യെകറ്റെറിന്‍ബര്‍ഗില്‍ നിന്ന് റഷ്യയുടെ സുരക്ഷാ ഏജന്‍സിയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്.എസ്.ബി) ആണ് പിടികൂടിയത്. മോസ്കോയിലെ ലെഫോര്ടോവോ ജില്ലാ കോടതിയില്‍ ഹാജരാക്കിയ ഇവാന് മേയ് 29 വരെ കസ്റ്റഡിയില്‍ തുടരും. ശീതയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഒരു യു.എസ് മാദ്ധ്യമപ്രവര്‍ത്തകനെ ചാരവൃത്തി ആരോപിച്ച് റഷ്യ തടവിലാക്കുന്നത്. 1986ല്‍ നിക് ഡാനിലോഫാണ് സമാന കുറ്റങ്ങള്‍ ചുമത്തി റഷ്യയില്‍ അറസ്റ്റിലായ യു.എസ് മാദ്ധ്യമ പ്രവര്ത്തകന്.
ഇവാനെതിരായ ആരോപണങ്ങള്‍ ശക്തമായി നിഷേധിച്ച വാള്‍സ്ട്രീറ്റ് ജേണല്‍ അദ്ദേഹത്തിന്റെ സുരക്ഷയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ചാരവൃത്തി നടത്തുന്നതിനിടെ ഇവാനെ കയ്യോടെ പിടികൂടിയെന്നാണ് ക്രെംലിന് പ്രതികരിച്ചത്. യു.എസില്‍ നിന്നുള്ള നിര്‍ദ്ദേശാനുസൃതം ഇവാന് റഷ്യയുടെ സൈനിക നീക്കങ്ങള്‍ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചെന്ന് എഫ്.എസ്.ബി പറഞ്ഞു. ഒരു റഷ്യന്‍ പ്രതിരോധ സംരംഭത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ഇവാന് കൈക്കലാക്കിയെന്ന് എഫ്.എസ്.ബി പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് ഇയാള്‍ യെകറ്റെറിന്‍ബര്‍ഗില്‍ ജോലി ചെയ്തിരുന്നതെന്ന് അധികൃതര്‍ പറയുന്നു. തന്നെ കോടതി മുറിയില്‍ പ്രവേശിപ്പിച്ചില്ലെന്ന് ഇവാന്റെ അഭിഭാഷകന് ആരോപിച്ചു. ഇവാന് കുറ്റം നിഷേധിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തകര്‍ച്ച നേരിടുന്ന റഷ്യന്‍ സമ്ബദ്വ്യവസ്ഥയെ കുറിച്ചും സാമൂഹ്യ ചെലവുകള്‍ നിലനിറുത്തിക്കൊണ്ട് ഉയരുന്ന സൈനിക ചെലവുകള്‍ റഷ്യ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ പറ്റിയുമാണ് ഇവാന് അവസാനമായി വാള്‍സ്ട്രീറ്റ് ജേണലില്‍ തയാറാക്കിയ ലേഖനം.
ചാരവൃത്തിക്ക് പരമാവധി 20 വര്‍ഷം വരെ റഷ്യയില്‍ തടവ് ലഭിക്കാം. യുക്രെയിനില്‍ അധിനിവേശം ആരംഭിക്കുന്നതിന് മുമ്ബ് തന്നെ റഷ്യയില്‍ ജോലി ചെയ്യുന്നതില്‍ കടുത്ത വെല്ലുവിളികള്‍ നേരിടുന്നതായി വിദേശ മാദ്ധ്യമ പ്രവര്‍ത്തകരില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. പലരെയും ‘ വിദേശ ഏജന്റുകള്‍” എന്ന് മുദ്രകുത്തി. പ്രമുഖ അന്താരാഷ്ട്ര മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ഉപരോധവുമേര്‍പ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷമായി വാള്‍സ്ട്രീറ്റ് ജേണലിന് വേണ്ടി റഷ്യയില്‍ പ്രവര്‍ത്തിച്ച ഇവാന് ഇതിന് മുമ്ബ് റഷ്യയില്‍ തന്നെ എ.എഫ്.പിയ്ക്കും മോസ്കോ ടൈംസിനും വേണ്ടി ജോലി ചെയ്തിരുന്നു.