ലണ്ടൻ : പണപ്പെരുപ്പം 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള ബ്രിട്ടനില്‍ പുരോഹിതരും സമരത്തിലേക്ക്. വാര്‍ഷിക സ്റ്റൈപെൻഡ് വര്‍ധിപ്പിക്കണമെന്ന് ആംഗ്ലിക്കൻ സഭയിലെ പുരോഹിതരെ പ്രതിനിധാനം ചെയ്യുന്ന ട്രേഡ് യൂണിയനായ ‘യുണൈറ്റ്’ ആവശ്യപ്പെട്ടു.
സഭയുടെ 500 വര്‍ഷ ചരിത്രത്തില്‍ ആദ്യമായാണ് പുരോഹിതര്‍ ഔദ്യോഗികമായി വേതന വര്‍ധന ആവശ്യപ്പെടുന്നത്.
പണപ്പെരുപ്പം അനിയന്ത്രിതമായതോടെ ജീവിക്കാൻ പര്യാപ്തമായ വേതനം ആവശ്യപ്പെട്ട് ബ്രിട്ടനില്‍ സമസ്ത മേഖലയിലെയും തൊഴിലാളികള്‍ സമരത്തിലാണ്. ഇതിലെ ഏറ്റവും പുതിയ കണ്ണിയാണ് ‘ദരിദ്ര തൊഴിലാളിക’ളായ പുരോഹിതരെന്നും യുണൈറ്റ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, 26,794 പൗണ്ടുമാത്രം വാര്‍ഷിക സ്റ്റൈപെൻഡായി ലഭിക്കുന്ന പുരോഹിതര്‍ ജീവിക്കാനായി സംഭാവനകളെയും കാരുണ്യസംഘടനകളെയും ആശ്രയിക്കുന്ന നിലയാണ്. ഇതിന് അറുതി വരുത്താൻ 2024 ഏപ്രില്‍മുതല്‍ വാര്‍ഷിക സ്റ്റൈപെൻഡില്‍ 9.5 ശതമാനം വര്‍ധനയാണ് ആവശ്യപ്പെടുന്നത്. ദ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് എംപ്ലോയീ ആൻഡ് ക്ലെര്‍ജി അഡ്വക്കറ്റ്സ് അസോസിയേഷൻ എന്ന ബാനറില്‍ സഭയിലെ 2000 വികാരിമാരും മറ്റു ജീവനക്കാരും സംഘടനയില്‍ അംഗങ്ങളായിട്ടുണ്ട്.
2022ലെ ചര്‍ച്ച് കമീഷണേഴ്സിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ആംഗ്ലിക്കൻ സഭയ്ക്ക് 130 കോടി പൗണ്ട് നിക്ഷേപമുണ്ടെന്ന് യുണൈറ്റ് ജനറല്‍ സെക്രട്ടറി ഷാരോണ്‍ ഗ്രഹാം ചൂണ്ടിക്കാട്ടി. അടുത്തയാഴ്ച ചേരുന്ന സഭയുടെ വേതനകമ്മിറ്റി വിഷയം ചര്‍ച്ച ചെയ്യും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരപരിപാടികളിലേക്ക് നീങ്ങാനാണ് പുരോഹിതരും സഭാ ജീവനക്കാരും ഉദ്ദേശിക്കുന്നത്.