പെർത്ത്: അടുത്ത വർഷം മാർച്ച് എട്ടിന് നടക്കുന്ന വെസ്റ്റേൺ ഓസ്ട്രേലിയ സംസ്ഥാന പാർലമെന്റ്റ് തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുമായി ബിജു ആൻ്റണി. പെർത്ത് മിഡ്ലാൻഡിൽ താമസിക്കുന്ന ബിജു ലിബറൽ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ബെൽമണ്ടിൽ നിന്നാണ് മത്സരിക്കുന്നത്. ബെൽമണ്ട്, അസ്കോട്ട്, റിവർവെയ്ൽ, ക്യൂഡെയ്ൽ, ക്ലോവർഡെയ്ൽ വെൽഷ്പൂൾ, സൗത്ത് ഗിൽഡ്ഫോർഡ്, ഹാസൽമെയർ എന്നീ സബർബുകൾ ഉൾപ്പെടുന്നതാണ് ബെൽമണ്ട് ഇലക്ടറേറ്റ്. സംസ്ഥാന തിരഞ്ഞെടുപ്പിൽ ആദ്യമായാണ് മത്സരിക്കുന്നതെങ്കിലും വിജയപ്രതീക്ഷയുള്ള സ്ഥാനാർഥിയാണ് ബിജു ആൻ്റണി.
പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ നിയമ മേഖലയിൽ ഏറെ പ്രാഗത്ഭ്യം തെളിയിച്ച മലയാളിയാണ് ബിജു ആന്റണി. അഭിഭാഷകൻ, ചാർട്ടേഡ് അക്കൗണ്ടന്റ്, ടാക്സ് എജൻ്റ്, ചാർട്ടേഡ് ടാക്സ് അഡൈ്വസർ, ഓഡിറ്റർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ബിജു ആൻ്റണി രണ്ട് സ്ഥാപനങ്ങളുടെ ഉടമയാണ്.സെന്റ് ജോർജ്സ് ലീഗൽ – ബാരിസ്റ്റേഴ്സ് ആൻഡ് സോളിസിറ്റർസ്, ട്രിനിറ്റി അസോസിയേറ്റ്സ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ആൻഡ് ചാർട്ടേഡ് ടാക്സ് അഡൈ്വസേഴ്സ് എന്നീ സ്ഥാപനങ്ങളാണ് ബിജുവിന്റെ ഉടമസ്ഥതിയിലുള്ളത്.ഓസ്ട്രേലിയൻ ഫെഡറൽ പ്രസിഡൻ്റ് (ഓസ്ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷൻ) ആയും സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ശ്രീ. ബിജു.
എറണാകുളം ഗവ. ലോ കോളജിൽ നിന്ന് നിയമ ബിരുദം നേടിയ ബിജു , എഡിത്ത് കോവൻ യൂണിവേഴ്സിറ്റി, യുഎസിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഓസ്ട്രേലിയയിലെ കോളജ് ഓഫ് ലോ എന്നിവിടങ്ങളിൽ നിന്നും ഉന്നത ബിരുദങ്ങൾ നേടിയിട്ടുണ്ട്.പെർത്ത് സെന്റ് ജോസഫ് സിറോ മലബാർ ചർച്ച്, സെൻ്റ് പീറ്റേഴ്സ് സിറിയൻ യാക്കോബായ ചർച്ച്, മലയാളി അസോസിയേഷൻ ഓഫ് പെർത്ത്, മലയാളം സ്കൂൾ എന്നിവയുടെ ഓഡിറ്ററായ ബിജു പെർത്ത് അതിരൂപതയിലെ മിഡ്ലാൻഡ് സെൻ്റ് ബ്രിജിഡ്സ് ആൻഡ് സെൻ്റ് മൈക്കിൾസ് ചർച്ചിലെ ഫിനാൻസ് കമ്മിറ്റി അംഗം കൂടിയാണ്.ഓഷ്യാനിയ ഇന്റിജനസ് അബോറിജിനൽ കോർപ്പറേഷൻ, പല്ലാഡിയം ഫിനാൻഷ്യൽ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളുടെ ബോർഡ് അംഗമാണ്. ഇതുകൂടാതെ നൊല്ലമര ഔവർ ലേഡി ഓഫ് ലൂർദ് പ്രൈമറി സ്കൂളിന്റെ മുൻ ട്രഷറവും ബോർഡ് അംഗവുമായിരുന്നു.റോട്ടറി ഫൗണ്ടേഷനു വേണ്ടി ഫിലിപ്പൈൻസിലും ഈസ്റ്റ് ടൈമോറിലും അന്താരാഷ്ട്ര ഓഡിറ്റുകൾ നടത്തിയതും കരിയറിലെ മികച്ച നേട്ടമാണ്. വെസ്റ്റേൺ ഓസ്ട്രേലിയയിലെ സാമൂഹിക, സാംസ്കാരിക, നിയമ മേഖലയിൽ നിറഞ്ഞുനിൽക്കുന്ന ബിജു പെർത്ത് സെൻ്റ് ജോസഫ് സിറോ മലബാർ ഇടവകാംഗമാണ്.തൃശൂരിലെ മുരിങ്ങൂർ സ്വദേശികളായ അന്തോണി-മേരി ദമ്പതികളുടെ മകനാണ് ഇദ്ദേഹം. 4 കുട്ടികളുടെ പിതാവായ ബിജുവിന്റെ ഭാര്യ എവ്ലിൻ ഡാലിയ.