തിരുവനന്തപുരം: തുറമുഖത്തിന്റെ ‘ക്രെഡിറ്റ്’ സംബന്ധിച്ച് മാത്രമല്ല ട്രയൽ റൺ ഉദ്ഘാടന ചടങ്ങിലെ പങ്കാളിത്തവും വിവാദത്തിൽ. തുറമുഖ നിർമ്മാണത്തിന്റെ നിർണായക ഘട്ടത്തിൽ മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിലിനു വേദിയിൽ ഇടം നൽകാത്തത് ഇടതുമുന്നണിയിൽ കല്ലുകടിയായി. പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും ക്ഷണമില്ല. ശശി തരൂർ എംപി വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിക്കുകയും എം വിൻസെന്റ് എംഎൽഎ ക്ഷണം സ്വീകരിക്കുകയും ചെയ്തതോടെ കോൺഗ്രസിൽ ഭിന്ന സ്വരം എന്ന മട്ടായി. ഉമ്മൻചാണ്ടിയുടെ പങ്ക് അവഗണിക്കുന്നതിനെതിരെ ഇന്ന് ജില്ലാ ആസ്ഥാനങ്ങളിൽ പ്രകടനം നടത്താൻ യുഡിഎഫ് തീരുമാനിച്ചു. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിച്ചില്ലെന്നതിന്റെ പേരിൽ ലത്തീൻ അതിരൂപത നേതൃത്വവും വിട്ടുനിൽക്കും.
കേരളത്തിൻറെ വികസന പ്രതീക്ഷയായി ആദ്യ കണ്ടെയ്നർ മദർ ഷിപ്പ് വിഴിഞ്ഞത്തിന്റെ തീരം തൊട്ടു. ലോകത്തെ രണ്ടാമത്തെ വലിയ ഷിപ്പിംഗ് കമ്പനിയായ മേസ്ക്കിന്റെ ഉടമസ്ഥതയിലുള്ള ‘സാൻ ഫെർണാണ്ടോ’ മദർ ഷിപ്പ് രാജ്യത്തെ ഏറ്റവും ആഴമേറിയ ട്രാൻസ്ഷിപ്മെൻറ് തുറമുഖത്തു പൂർത്തിയാക്കിയത് ഇന്നലെ രാവിലെ 9.50 നായിരുന്നു. സംസ്ഥാനത്തിന്റെ വികസന കുതിപ്പിലേക്ക് പുതിയ കപ്പൽ ചാൽ തുറന്ന ചരിത്ര നിമിഷം. മന്ത്രിമാരായ വി. എൻ വാസവനും ജി. ആർ അനിലും ചേർന്നാണ് കപ്പലിനെ വരവേറ്റത്.
ട്രയൽ റൺ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് വിഴിഞ്ഞത്ത് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 2000 കണ്ടെയ്നറുകൾ വിഴിഞ്ഞത്തിറക്കി കപ്പൽ ഇന്നു തുറമുഖം വിടും. നാളെ തന്നെ ഫീഡർ കപ്പലുകൾ എത്തുന്നതോടെ ചരക്കു മാറ്റത്തിന് (ട്രാൻസ്ഷിപ്മന്റിന്) തുടക്കമാകും.തുറമുഖത്ത് മൂന്നുമാസത്തോളം നീളുന്ന ട്രയൽ റണ്ണിൽ തുടർച്ചയായി മദർഷിപ്പുകൾ എത്തും. കമ്മീഷൻ ചെയ്യുന്നത് ഒക്ടോബറിലാണെങ്കിലും ആദ്യ കണ്ടെയ്നർഷിപ്പിന്റെ വരവോടെ വരുമാനം ലഭിച്ചു തുടങ്ങും. കഴിഞ്ഞ ഒക്ടോബറിൽ ആദ്യ ചരക്കു കപ്പൽ ക്രെയിനുകളുമായാണ് എത്തിയതെങ്കിൽ വാണിജ്യ പ്രവർത്തനത്തിന്റെ ഭാഗമായി ആദ്യ കണ്ടെയ്നർ കപ്പലെത്തിയത് ഇന്നലെയാണ്.
നിലവിൽ കൊളംബോ തുറമുഖം കൈകാര്യം ചെയ്യുന്ന ആകെ ചരക്കിൽ ഏതാണ്ട് 60% ഇന്ത്യയിലെയ്ക്കുള്ളതാണ്. ഇതിൻറെ ഗണ്യമായ ഭാഗം ഇനി വിഴിഞ്ഞത്തെത്തും. ഇന്ത്യയിലെക്കുള്ള കണ്ടെയ്നറുകൾ മാത്രമല്ല കൊളംബോയെ ഇപ്പോൾ ആശ്രയിക്കുന്ന മറ്റു രാജ്യങ്ങളിലേക്കുള്ള കണ്ടെയ്നറുകളും മാറ്റിക്കയറ്റുന്ന ഹബ്ബായി വിഴിഞ്ഞം മാറുന്നതോടെ രാജ്യാന്തരതലത്തിൽ കേരളത്തിൻ്റെ വാണിജ്യ പ്രസക്തി ഉയരും.
ഈ സാധ്യത മുൻകൂട്ടി കൊണ്ടാണ് ആദ്യഘട്ടം കമ്മീഷൻ ചെയ്യുന്നതിനൊപ്പം തന്നെ രണ്ടാംഘട്ട വികസനത്തിനും അദാനി പോർട്സ് തുടക്കമിടുന്നത്.