2024 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് വിവേക് രാമസ്വാമി. റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ പ്രൈമറിയിൽ പ്രവേശിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനാണ് വിവേക്. പാലക്കാട് സ്വദേശിയായ അദ്ദേഹം യുഎസില്‍ സംരംഭകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനും കൂടിയാണ്.
പാലക്കാട് വടക്കഞ്ചേരി ബാലവിഹാറിൽ സി ആർ ഗണപതി അയ്യരുടെ മകനായ വി ജി രാമസ്വാമിയാണ് വിവേകിന്റെ അച്ഛൻ. അമ്മ തൃപ്പൂണിത്തുറ സ്വദേശിയാണ് ഗീത രാമസ്വാമി. 1985 ഓഗസ്റ്റ് 9 നാണ് രാമസ്വാമിയുടെ ജനനം. അമേരിക്കയിലേക്ക് കുടിയേറിയ വിവേകിന്റെ മാതാപിതാക്കൾ ഒഹായോയിലെ സിൻസിനാറ്റിയിൽ താമസിച്ച് ഒരു ജനറൽ ഇലക്ട്രിക് പ്ലാന്റിൽ ജോലി ചെയ്തു.
വിവേക് ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സ് സ്ഥാപകനും സ്‌ട്രൈവ് അസ്റ്റ് മാനേജ്‌മെന്റ് സഹസ്ഥാപകനുമാണ്. യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടർ ഓഫ് ലോ പൂർത്തിയാക്കിയ അദ്ദേഹം 2007 ൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. ഫോർബ്സ് റിപ്പോർട്ട് അനുസരിച്ച് 2016 ൽ 40 വയസ്സിന് താഴെയുള്ള അമേരിക്കയിലെ ഏറ്റവും സമ്പന്നരായ സംരംഭകരിൽ ഒരാളായ രാമസ്വാമിയുടെ ആസ്തി 600 മില്യൺ ഡോളറായിരുന്നു.