ടോറോന്റോ: കാനഡയിലെ ടൊറോന്റോയിൽ വിമാനാപകടം. ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡ് ചെയ്തതിന് ശേഷം തലകീഴായി മറിഞ്ഞു. മിനിയാപൊളിസിൽ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. മഞ്ഞുമൂടിയ റൺവേയിൽ വിമാനം തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് 80 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 17 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. കനത്ത കാറ്റിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ട്.
കാനഡയിലെ ടൊറന്റോയിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പീറ്റ് കുക്കോവ് എന്ന യാത്രക്കാരി തന്റെ മൊബൈലിൽ പകർത്തിയ ചിത്രങ്ങളാണ് എക്സിലും ഇൻസ്റ്റഗ്രാമിലുമടക്കം വൈറലാകുന്നത്. വിമാനം തകർന്നതിനെ തുടർന്ന് വിമാനത്തിനുള്ളിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തിയതിൻ്റെ വീഡിയോ ആണിത്. ഫയർ എഞ്ചിന് പുറത്തേക്ക് വെള്ളം ശക്തമായി ഒഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ‘ജീവിച്ചിരിക്കുന്നതില്‍ ഇന്ന് വല്ലാത്ത സന്തോഷം തോന്നുന്നു’ എന്നാണ് യാത്രക്കാരി പോസ്റ്റ് ചെയ്ത വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.