തിരുവനന്തപുരം: ലോറിയുടെ സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ട് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി ഇരിക്കുന്ന ഡ്രൈവര്‍. ആക്സിലേറ്ററില്‍ വെള്ളക്കുപ്പിയും വച്ചിട്ടാണ് ഡ്രൈവര്‍ എണീറ്റ് പോയി കൂളായി ഇരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോ കണ്ട് എല്ലാവരും ഞെട്ടി. ഇങ്ങനെ അപകടകരമായി വാഹനം ഓടിക്കുന്നതിനെതിരെ വലിയ വിമര്‍ശനങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു.
എന്നാല്‍, കേരള പൊലീസ് വൈറലായ ഈ ലോറി യാത്രയ്ക്ക് പിന്നിലെ കാരണം കണ്ടെത്തിയിരുന്നു. ചരക്ക് ലോറികള്‍ ട്രെയിൻ മാര്‍ഗം കൊണ്ട് പോകുന്ന റോ – റോ സര്‍വ്വീസില്‍ സഞ്ചരിക്കുന്ന ലോറിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തി. ഇപ്പോള്‍ ആ വൈറല്‍ യാത്ര നടത്തിയ ഡ്രൈവറുടെ പ്രതികരണവും പൊലീസ് പുറത്ത് വിട്ടിരിക്കുകയാണ്. ട്രെയിനില്‍ ഇങ്ങനെ പോകുന്ന സമയത്ത് വെറുതെ ഒരു രസത്തിനാണ് വീഡിയോ എടുത്തതെന്നാണ് ഡ്രൈവര്‍ പറയുന്നത്.അവസാനം എല്ലാവരും ട്രെയിൻ കാണിച്ചപ്പോള്‍ താന്‍ മാത്രം കാണിച്ചില്ല. കുടുംബ ഗ്രൂപ്പിലാണ് വീഡിയോ ഇട്ടത്. ആരാണ് അത് ഫേസ്ബുക്കില്‍ ഇട്ടതെന്ന് അറിയില്ല. റോഡിലൂടെ സ്റ്റിയറിംഗ് കെട്ടിവെച്ചൊന്നും പോകാൻ പറ്റൂല്ല. ഒരു നൂറ് മീറ്റര്‍ പോലും അങ്ങനെ വാഹനം ഓടിക്കാൻ കഴിയില്ലെന്നും ഡ്രൈവര്‍ പറയുന്ന വീഡിയോ കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ കാണുന്നതെന്തും കണ്ണുമടച്ചു വിശ്വസിക്കരുതേ എന്ന് കുറിച്ച് കൊണ്ട് കേരള പൊലീസ് കഴിഞ്ഞ ദിവസം ഈ വീഡിയോ പുറത്ത് വിട്ടിരുന്നു. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയതിന് പിന്നാലെ ഒരുപാട് പേരാണ് ഫേസ്ബുക്കില്‍ മെന്‍ഷൻ ചെയ്തും മെസേജുകള്‍ അയച്ചും പൊലീസുമായി ബന്ധപ്പെട്ടത്.