‘ഋതു’ എന്ന സിനിമയിലൂടെ എത്തി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടനാണ് വിനയ് ഫോർട്ട്. പിന്നീട് ഒട്ടനവധി സിനിമകളിൽ നായകനായും വില്ലനായും സഹതാരമായും എല്ലാം വിനയ് ബിഗ് സ്ക്രീനിൽ തിളങ്ങി. നിലവിൽ നിവിൻ പോളി നായകനാകുന്ന ‘രാമചന്ദ്ര ബോസ് & കോ’ എന്ന ചിത്രമാണ് നടന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഈ വേളയിൽ വിനയ് ഫോർട്ടിന്റെ ഒരു ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ചാർളി ചാപ്ലിൻ ലുക്കിൽ മീശയും ചുരുണ്ട മുടിയും കൂളിംഗ് ഗ്ലാസും വച്ച് സ്റ്റൈലൻ ലുക്കിലാണ് വിനയ് ഫോർട്ട് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ‘രാമചന്ദ്ര ബോസ് & കോ’യുടെ പ്രസ് മീറ്റിൽ എത്തിയതായിരുന്നു വിനയ്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ സിനിമാതാരങ്ങൾ ഉൾപ്പടെ ഉള്ളവർ കമന്റുകളുമായി രംഗത്തെത്തി.
ജഗതിയുടെ ‘ഉമ്മൻ കോശി’ എന്ന കഥാപാത്രവുമായാണ് പലരും വിനയ് ഫോർട്ടിന്റെ ലുക്കിന്റെ താരതമ്യം ചെയ്തിരിക്കുന്നത്. ജയറാം നായകനായി എത്തിയ ‘സിഐഡി ഉണ്ണികൃഷ്ണൻ ബി എ, ബി എഡ്’ എന്ന ചിത്രത്തിലെ കഥാപാത്രം ആണ് ഉമ്മൻ കോശി. ‘അത് ഇഷ്ടപ്പെട്ടു.. ഉമ്മൻ കോശി’, എന്നാണ് അജു വർഗീസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.