കൊച്ചി: മഞ്ഞപ്പിത്തം വലിയ ദുരിതം വിതച്ച എറണാകുളം വേങ്ങൂരിനെ മൂന്ന് മാസത്തിനിപ്പുറം തിരിഞ്ഞ് നോക്കാതെ സംസ്ഥാന സർക്കാർ. മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർ സർക്കാരിന് കൈമാറിയെങ്കിലും തുടർനടപടി ഒന്നുമായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. വേങ്ങൂരിൽ വാട്ടർ അതോറിറ്റി വിളിച്ച് വരുത്തിയ ദുരന്തത്തിൽ ഏപ്രിൽ17 മുതൽ രോഗബാധിതരായത് 253പേരാണ്. മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരമായി ചികിത്സയിലാണ് വെങ്ങൂർ സ്വദേശി അഞ്ജന.
മകൾ കൊച്ചിയിലെ ആശുപത്രിയിൽ 75 ദിവസമായി വെന്‍റിലേറ്ററിലാണ്. ‘മകൾ കണ്ണ് തുറക്കും, ബോധമുണ്ട്, അത്ര മാത്രം ഒള്ളൂ. അനങ്ങാനോ നാവ് ഒന്ന് ചലിപ്പിക്കാനോ സാധിച്ചിട്ടില്ല. 75 ദിവസമായി ഇതുവരെ ഒന്ന് മിണ്ടിയിട്ടില്ല’- കണ്ണീരോടെ അഞ്ജനയുടെ അമ്മ പറയുന്നു. അഞ്ജനയുടെ അമ്മ ശോഭനയും അച്ഛൻ ചന്ദ്രനും ആശുപത്രി കാത്തിരിപ്പ് മുറിയിൽ കഴിച്ച് കൂട്ടുകയാണ് മകൾ ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിൽ. ഇതുവരെ സർക്കാർ സഹായം ഒന്നും കിട്ടിയിട്ടില്ലെന്നും, ആരോഗ്യമന്ത്രിയെ ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും ഗുരുതരാവസ്ഥയിൽ തുടരുന്ന അഞ്ജനയുടെ മാതാപിതാക്കൾ ന്യൂസിനോട് പറഞ്ഞു.
ഇതുവരെ 25 ലക്ഷത്തോളം രൂപയായി ആശുപത്രി ചിലവ്. ഇനി ഭൂമി വിറ്റും മകളുടെ തുടർചികിത്സക്ക് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ചന്ദ്രനും, ശോഭനയും. അഞ്ജനയും ഭർത്താവ് ശ്രീകാന്തിനുമുൾപ്പടെ വെങ്ങൂരിൽ നിരവധി പേർക്ക് രോഗം അതീവ ഗുരുതരമായിരുന്നു. പ്രദേശത്ത് നിന്ന് പണംപിരിച്ച് പഞ്ചായത്തും നാട്ടുകാരും, വിവിധ സന്നദ്ധസംഘടനകളും ആദ്യദിനങ്ങളിൽ ഒപ്പം നിന്നു. എന്നാൽ അഞ്ജനയ്ക്ക് മഞ്ഞപ്പിത്തം കരളിനെയും, വൃക്കയെയും ബാധിച്ചു. അണുബാധയും കൂടി. അവസ്ഥ പറയാൻ ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ചുവെങ്കിലും ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിലലെന്ന് അമ്മ ശോഭന പറഞ്ഞു.