കർണാടക സംസ്ഥാന തലസ്ഥാനമായ ബംഗളൂരുവിനെയും കര്‍ണാടകയിലെ മറ്റൊരു ചരിത്ര നഗരമായ മൈസൂരുവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബെംഗളൂരു-മൈസൂർ എക്സ്പ്രസ്വേയുടെ ഉദ്ഘാടനം മാര്‍ച്ച് 11നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. മൈസൂരു-കുടക് എംപി പ്രതാപ് സിംഹയാണ് ഈ വിവരം സ്ഥിരീകരിച്ചതെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കർണാടക സംസ്ഥാന തലസ്ഥാനത്തെയും ചരിത്രനഗരമായ മൈസൂരുവിനെയും 90 മിനിറ്റിനുള്ളിൽ ബന്ധിപ്പിക്കുമെന്നും ഈ സൂപ്പര്‍ റോഡ് വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ള NH275 10 വരികളായി വികസിപ്പിച്ചാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) 117 കിലോമീറ്റർ എക്സ്പ്രസ് വേ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പാത തുറക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ആഹ്ളാദിക്കുന്നതു മലയാളികളാണ്. കാരണം മലബാറിൽ നിന്ന് ഉള്‍പ്പെടെയുളള മലയാളികൾക്ക് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുന്ന റോഡാണിത്. മലബാറിന്റെ വികസനത്തിലേക്കു കൂടിയുളള വാതിലാണ് ഈ റോഡ് തുറക്കുന്നത്. കൊല്ലങ്കോട്– കോഴിക്കോട് ദേശീയപാതയിലേക്ക് വളരെ വേഗം എത്തിച്ചേരാൻ കഴിയുന്ന ഹൈവേയാണിത്. മൈസൂരിൽ ജോലി ചെയ്യുന്ന മലപ്പുറം, വയനാട് ജില്ലക്കാർക്ക് വെളളിയാഴ്ച വൈകിട്ട് ഓഫിസിൽനിന്ന് ഇറങ്ങി 10 മണിയോടെ വീട്ടിൽ എത്തിച്ചേരാൻ ഈ റോഡിലൂടെ സാധിക്കും.