ദില്ലി : കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയെ കാണാനാകാതെ ആരോഗ്യമന്ത്രി വീണാ ജോർജ് തിരിച്ചെത്തി. കൂടിക്കാഴ്ചയ്ക്ക് അപ്പോയിൻമെന്റ് തേടിയത് എന്നാണെന്ന കാര്യത്തിൽ വിവാദം കനക്കുന്നതിനിടെയും വ്യക്തത വരുത്താൻ ആരോഗ്യ മന്ത്രി തയ്യാറായില്ല. ചോദ്യങ്ങൾ ചോദിച്ച മാധ്യമങ്ങളെ പഴിച്ച വീണാ ജോർജ്, ആരോഗ്യമന്ത്രിയെ ക്രൂശിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുകയാണെന്നും ഊഹാപോഹങ്ങൾക്ക് മറുപടിയില്ലെന്നും കൊച്ചിയിൽ പറഞ്ഞു. കേന്ദ്രമന്ത്രിയെ കാണാൻ അനുമതി തേടിയത് തെറ്റാണോയെന്നായിരുന്നു ചോദ്യങ്ങളോട് മന്ത്രിയുടെ മറുചോദ്യം. 18 നാണോ അപ്പോയിൻമെൻ്റ് തേടിയത് എന്ന ചോദ്യത്തിനും മന്ത്രി മറുപടി പറഞ്ഞില്ല. എന്നാണ് കേന്ദ്ര മന്ത്രിയുടെ അപ്പോയ്ൻമെന്റ് എടുത്തതെന്ന് ന്യൂസിനോട് പറയാൻ പറ്റില്ല.അത് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ജനങ്ങളോട് പറയുമെന്നും മന്ത്രി വിശദീകരിച്ചു.
ഓണറേറിയം വർദ്ധിപ്പിക്കുമെന്ന് പ്രകടനപത്രിക വാഗ്ദാനത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രകടനപത്രികയുടെ അനുബന്ധം വായിക്കണമെന്നായിരുന്നു വീണാ ജോർജിന്റെ മറുപടി. സി പി എം വെബ്സൈറ്റിലെ പ്രകടനപത്രിക ഉയർത്തിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും വ്യക്തമായ മറുപടി മന്ത്രി പറഞ്ഞില്ല.