മലേഷ്യൻ ഇൻവിറ്റേഷൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ നീന്തലിൽ നടൻ മാധവന്റെ മകൻ വേദാന്ത് മാധവൻ അഞ്ച് സ്വർണമാണ് നേടിയത്. ആഹ്ലാദ നിമിഷത്തെ കുറിച്ച് മാധവൻ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പങ്കുവെച്ചത് ഇങ്ങനെയാണ്: ‘ദൈവകൃപയോടും നിങ്ങളുടെ എല്ലാ ആശംസകളോടും കൂടി, ഈ വാരാന്ത്യത്തിൽ ക്വാലാലംപൂരിൽ നടന്ന മലേഷ്യൻ ഇൻവിറ്റേഷൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ, ഇന്ത്യക്ക് വേണ്ടി വേദാന്തിന് അഞ്ച് സ്വർണം (50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 1500 മീറ്റർ) നേടാനായി. ഞാൻ ആഹ്ലാദിക്കുകയും ഏറെ സന്തോഷിക്കുകയും ചെയ്യുന്നു,’ മാധവൻ കുറിച്ചു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി വേദാന്ത് തന്റെ കഠിനപ്രയത്നത്തിലൂടെയും പരിശ്രമത്തിലൂടെയും വിജയത്തിന്റെ പാതയിലാണ്. ഇതിനോടകം മെഡലുകളടക്കം നിരവധി ബഹുമതികളും ടൂർണമെന്റ് ടൈറ്റിലുകളും നേടിയിട്ടുണ്ട്. ദ്രോണാചാര്യാ അവാർഡ് ജേതാവും മലയാളിയുമായ പ്രദീപ് കുമാറിന്റെ കീഴിലാണ് വേദാന്ത് നീന്തൽ പരിശീലനം നടത്തുന്നത്. വേദാന്തിന്റെ പരിശീലനവുമായി ബന്ധപ്പെട്ട് മാധവനും കുടുംബവും ദുബായിലാണ് ഏറെനാൾ താമസിച്ചിരുന്നത്.