തിരുവനന്തപുരം: ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ കേരളാ ബ്ലാസ്റ്റേഴ്സ് മാപ്പ് പറഞ്ഞതില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. ആരാധകരുടെ വിഷമം മനസിലാക്കുന്നു. എന്നാല്‍ ഇപ്പോള്‍ ചേര്‍ന്നു നില്‍ക്കേണ്ട സമയമാണെന്നാണ് മന്ത്രിയുടെ പ്രതികരണം. ‘ആരാധകരുടെ വിഷമം മനസിലാക്കുന്നു. എന്നാല്‍ ഇപ്പോള്‍ ചേര്‍ന്നു നില്‍ക്കേണ്ട സമയമാണ്. ഒരുമിച്ച് മുന്നേറാം..’ ശിവന്‍കുട്ടി പറഞ്ഞു.
ഐഎസ്എല്‍ പ്ലേ ഓഫില്‍ ബംഗളൂരു എഫ്സിക്കെതിരായ മത്സരം പൂര്‍ത്തിയാക്കാതെ ഗ്രാണ്ട് വിട്ട സംഭവത്തിലാണ് ബ്ലാസ്റ്റേഴ്സ് ഖേദപ്രകടനം നടത്തിയത്. നോക്കൗട്ട് മത്സരത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നു. മത്സരം പൂര്‍ത്തായാക്കാതെ കളം വിട്ടത് ദൗര്‍ഭാഗ്യകരവും അപക്വവുമായ നടപടിയായിരുന്നു. മത്സരച്ചൂടിലായിരുന്നു ആ നടപടികള്‍. ഇനി അത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ഫുട്ബോള്‍ പ്രേമികള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നാണ് ട്വിറ്ററിലൂടെ ബ്ലാസ്റ്റേഴ്സ് വിശദീകരിച്ചത്. ഒരുമയോടെ കൂടുതല്‍ ശക്തരായി തിരികെ വരുമെന്നും നെഗറ്റീവ് സാഹചര്യങ്ങളില്‍ കുടുങ്ങിയതിന് ക്ഷമാപണം നടത്തുന്നതായി കോച്ച് ഇവാന് വുകോമാനോവിച്ചും പറഞ്ഞു.
മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ട ബ്ലാസ്റ്റേഴ്സിന് നാലു കോടി രൂപയാണ് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പിഴയിട്ടത്. ക്ഷമാപണം നടത്താത്ത പക്ഷം ഇത് ആറ് കോടിയാവുമെന്നും ഫെഡറേഷന് വ്യക്തമാക്കിയിരുന്നു. സുനില്‍ ഛേത്രിയുടെ വിവാദ ഗോളിന് പിന്നാലെ കളിക്കാരെ തിരിച്ചുവിളിച്ച കോച്ചിന് വിലക്കും പിഴയുമാണ് ഫുട്ബോള്‍ ഫെഡറേഷന് വിധിച്ചത്. 10 മത്സരങ്ങളില്‍ വിലക്കും അഞ്ച് ലക്ഷം പിഴയുമാണ് കോച്ചിന് വിധിച്ചത്. മത്സരം പൂര്‍ത്തിയാകാന്‍ 15 മിനിറ്റ് ശേഷിക്കെ എന്തിനാണ് താരങ്ങളെയും കൂട്ടി കളിക്കളം വിട്ടതെന്ന എഐഎഫ്എഫ് അച്ചടക്ക സമിതിയുടെ നോട്ടീസിന് ഇവാന് മറുപടി നല്‍കിയിരുന്നു. കഴിഞ്ഞ സീസണിലുള്‍പ്പെടെ വിവാദ റഫറി തീരുമാനങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക് എന്നായിരുന്നു ഇവാന് അച്ചടക്ക സമിതിക്ക് നല്കിയ വിശദീകരണം.