അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംവരണം അവസാനിപ്പിച്ച് സുപ്രീംകോടതി. അമേരിക്കൻ ഭരണഘടനയുടെ തുല്യ അവകാശത്തിന് വിരുദ്ധമാണ് ന്യൂനപക്ഷ വംശീയ വിഭാഗങ്ങള്‍ക്ക് പ്രവേശനത്തിന് അനുവദിക്കുന്ന സംവരണമെന്ന് യാഥാസ്ഥിതികര്‍ക്ക് മുൻതൂക്കമുള്ള സുപ്രീംകോടതി വിധിച്ചു.
വിധിയില്‍ നിരാശ പ്രകടിപ്പിച്ച് പ്രസിഡന്റ് ജോ ബൈഡനും മുൻ പ്രസിഡന്റ് ബരാക് ഒബാമയും രംഗത്തെത്തിയപ്പോള്‍, ഡോണാള്‍ഡ് ട്രംപ് സ്വാഗതം ചെയ്തു.
കറുത്തവംശജര്‍ക്കും ന്യൂനപക്ഷമായ മറ്റ് വര്‍ഗക്കാര്‍ക്കും വിദ്യാഭ്യാസ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നിയമത്തിനാണ് ഇതോടെ തിരിച്ചടിയാകുന്നത്.
ഹാര്‍വാര്‍ഡ് സര്‍വകലാശാല, നോര്‍ത്ത് കരോലിന സര്‍വകലാശാല എന്നിവിടങ്ങളിലെ പ്രവേശനനയങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. സ്റ്റുഡന്റ്സ് ഫോര്‍ ഫെയര്‍ അഡ്മിഷന്‍സ് എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ, വംശം പരിഗണിച്ച് പ്രവേശനം നല്‍കുന്നത് അമേരിക്കൻ ഭരണഘടന ഉറപ്പാക്കുന്ന തുല്യതാ വ്യവസ്ഥയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. കറുത്തവംശജര്‍, ഹിസ്പാനിക് വംശജര്‍, രാജ്യത്തെ മറ്റ് ന്യൂനപക്ഷ വംശജര്‍ എന്നിവരുടെ വിദ്യാഭ്യാസ ഉന്നതി ലക്ഷ്യമിട്ട് നടപ്പാക്കിയ നയം താറുമാറാക്കുന്നതാകും കോടതിയുടെ ഇടപെടല്‍. വംശം, ലിംഗം, വൈകല്യം എന്നിങ്ങനെയുള്ള ഘടകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിവേചനം തടയാനും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നയരൂപീകരണത്തിന്റേയും ഭാഗമായിരുന്നു സര്‍വകലാശാല പ്രവേശനത്തിലുള്പ്പെടെയുണ്ടായിരുന്ന സംവരണം.
വിധിപറഞ്ഞ ഒൻപതംഗ സുപ്രീംകോടതി ബെഞ്ചില്‍ ആറുപേരും യാഥാസ്ഥിതിക പക്ഷക്കാരായ ജഡ്ജിമാരാണ്. ഹാര്‍വാര്‍ഡ് , നോര്‍ത്ത് കരോലിന സര്‍വകലാശാലകള്‍ മുൻവിധികളിലെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതായി കോടതി വിലയിരുത്തി. സര്‍വകലാശാല പ്രവേശനത്തില്‍ വംശീയതയോ വംശമോ കടന്നുവരാത്ത വിധം സൂക്ഷ്മപരിശോധന ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സദുദ്ദേശ്യത്തോടെയുള്ളതാണെങ്കിലും ഭരണഘടനാവിരുദ്ധമായ നടപടിയാണെങ്കില്‍ അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ് വ്യക്തമാക്കി. ഒരു വ്യക്തിയെന്ന നിലയില്‍ അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് വിദ്യാര്‍ഥിയെ പരിഗണിക്കേണ്ടതെന്നും വംശത്തിന്റെ അടിസ്ഥാനത്തിലാകരുതെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. വെളുത്തതോ കറുത്തതോ എന്നത് പ്രവേശനത്തിന് അടിസ്ഥാനമാക്കുന്നത് വംശീയ വിവേചനമാണെന്നും രാജ്യത്തിന്റെ ഭരണഘടനാ ചരിത്രം ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പ് മാനദണ്ഡനങ്ങളെ അംഗീകരിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍വകലാശാല പ്രവേശനത്തില്‍ വംശം ഒരു ഘടകമാകുന്നത് 1964ലെ പൗരാവകാശനിയമത്തിന്റെ തലക്കെട്ട് VIന്റെ ലംഘനമാണെന്ന ഹര്‍ജിക്കാരായ സ്റ്റുഡന്റ്സ് ഫോര്‍ ഫെയര്‍ അഡ്മിഷന്‍സ് ഉയര്‍ത്തിയത്. ഹര്‍ജിക്കാരുടെ വാദങ്ങളെല്ലാം സുപ്രീംകോടതി ശരിവച്ചു.
വിധിയോട് രൂക്ഷമായ വിയോജിപ്പാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനില്നിന്നുണ്ടായത്. ” വിദ്യാഭ്യാസമേഖലയില്‍ പതിറ്റാണ്ടുകളെടുത്ത് നടപ്പാക്കിയ പുരോഗമനപരമായ തീരുമാനങ്ങള്‍ക്ക് തിരിച്ചടിയുണ്ടായിരിക്കുന്നു. ആഫ്രോ വംശജരെ കൂടി മുൻനിരയിലെത്തിക്കാൻ സ്വീകരിച്ച നയങ്ങള്‍ അട്ടിമറിക്കപ്പെടും. എല്ലാവംശങ്ങളിലുമുള്ള വിദ്യാര്‍ഥികളും സര്വകലാശാലകളിലുണ്ടാകണം. അമേരിക്കയില്‍ ഇപ്പോഴും വിവേചനം നിലനില്ക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. വംശീയമായി വ്യത്യസ്തതകള്‍ക്കുള്ള സ്ഥാനമുണ്ടെങ്കില്‍ മാത്രമെ സര്‍വകലാശാലകള്‍ ശക്തമാകൂ എന്നാണ് എന്റെ വിശ്വാസം” – ബൈഡൻ പറഞ്ഞു.രാജ്യത്ത് വിവേചനങ്ങള്‍ അവസാനിക്കാത്തിടത്തോളം സുപ്രീംകോടതി വിധി എതിര്‍ക്കപ്പെടേണ്ടതുണ്ടെന്ന് ബരാക് ഒബാമ പറഞ്ഞു. തനിക്കും തന്റെ ഭാര്യ മിഷേലിനും അതുപോലെ നിരവധിപേര്‍ക്കും കഴിവ് തെളിയിക്കാൻ പറ്റിയത് സംവരണമുണ്ടായിരുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയെ സംബന്ധിച്ചിടത്തോളം മികച്ച ദിവസമെന്നായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. തുല്യത ഉയര്‍ത്തിപ്പിടിക്കുന്ന നടപടിയെന്നായിരുന്നു ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് സ്പീക്കര്‍ കെവിൻ മക്കാര്‍ത്തിയുടെ നിലപാട്. സുപ്രീംകോടതി വിധിക്കെതിരെ രാജ്യത്തെ പുരോഗമനവാദികള്‍ കൂട്ടത്തോടെ ശബ്ദമുയര്‍ത്തുകയാണ്. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു സംസ്കാരത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന ആശങ്ക അവര്‍ മുന്നോട്ടുവയ്ക്കുന്നു.