വാഷിങ്ടണ്‍ : ഐക്യരാഷ്ട്രസംഘടന ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസിനെ പിന്തുടര്ന്ന് നിരീക്ഷിക്കാന്‍ അമേരിക്ക ചാരപ്പണി നടത്തിയെന്ന് വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്ത്.കഴിഞ്ഞ ദിവസം ‘ചോര്‍ന്ന’ പെന്റഗണ്‍ രേഖകളിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. ഗുട്ടെറസ് റഷ്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് കൂട്ടുനില്ക്കുന്നുണ്ടോയെന്ന് അറിയാണ് ചാരപ്പണി നടത്തിയത്.
ഗുട്ടെറസും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയും നടത്തിയ സംഭാഷണങ്ങള്‍ ‘ചോര്‍ന്ന’ പെന്റഗണ്‍ രേഖയിലുണ്ട്. റഷ്യ– -ഉക്രയ്ന് യുദ്ധത്തെതുടര്‍ന്ന് നിര്‍ത്തിവച്ച കരിങ്കടല്‍ വഴിയുള്ള ധാന്യനീക്കം യുഎന്‍ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ പുനരാരംഭിച്ചിരുന്നു. ഇ തില്‍ ഗുട്ടെറസ് റഷ്യയുടെ താല്‍പ്പര്യങ്ങള്‍ക്കായി നിലകൊണ്ടെന്ന് രേഖയില്‍ അമേരിക്ക വാദിക്കുന്നു.
റഷ്യ– -ഉക്രയ്ന് യുദ്ധത്തില്‍ നാറ്റോയുടെ പ്രത്യേക സേന പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്ന യുഎസ് രഹസ്യരേഖകളാണ് കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ ലഭ്യമായത്. പെന്റഗണ്‍ രേഖകള്‍ ചോര്‍ന്നതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പ്രതികരിച്ചു.