ന്യൂയോര്‍ക്ക്: കടക്കെണിയിലായ അമേരിക്കന്‍ ബാങ്ക് ഫസ്റ്റ് റിപ്പബ്ലിക്കിനെ ജെ പി മോര്‍ഗാന്‍ ചേസ് ഏറ്റെടുത്തു.
ഇതോടെ ബാങ്കിന്റെ ആസ്തികളില്‍ ഭൂരിഭാഗവും മോര്‍ഗാന്റെ കൈയിലായി. അമേരിക്കന്‍ ചരിത്രത്തിലെ രണ്ടാമത്തെ വലിയ ബാങ്ക് തകര്‍ച്ചയാണ് ഇത്. രണ്ടുമാസത്തിനിടെ രാജ്യത്ത് തകര്‍ന്ന നാലാമത്തെ ബാങ്കുമാണ്.
മാര്‍ച്ച് എട്ടിന് സില്‍വര്‍ഗേറ്റ് തകര്‍ന്നതോടെയാണ് അമേരിക്കയില്‍ ബാങ്ക് തകര്‍ച്ചാ പരമ്ബരയ്ക്ക് തുടക്കമായത്. മാര്‍ച്ച് 10ന് സിലിക്കണ്‍വാലി ബാങ്കും 12ന് സിഗ്നേച്ചര്‍ ബാങ്കും തകര്‍ന്നു. മാര്‍ച്ച് 18ന് സ്വിസ് ബാങ്കായ ക്രെഡിറ്റ് സൂയിസും തകര്‍ന്നു. പുതുസംരംഭകര്‍ക്കും സമ്ബന്നര്‍ക്കും വായ്പ നല്‍കുന്നതായിരുന്നു സിലിക്കണ്‍വാലി ബാങ്ക്. ഇത് തകര്‍ന്നതോടെ സമാനസ്വഭാവമുള്ള ഫസ്റ്റ് റിപ്പബ്ലിക്കില്‍നിന്നും നിക്ഷേപകര്‍ പണം പിന്‍വലിച്ചുതുടങ്ങി.
തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ ജെ പി മോര്‍ഗാന്‍, ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ഗ്രൂപ്പ്, വെല്‍സ് ഫാര്‍ഗോ ആന്‍ഡ് കമ്ബനി തുടങ്ങിയവ ചേര്‍ന്ന് 3000 കോടി ഡോളര്‍ നിക്ഷേപം നടത്തി. എന്നാല്‍, അടച്ചുപൂട്ടാതെ നിവൃത്തിയില്ലാതായപ്പോള്‍ റെഗുലേറ്ററി ഏജന്‍സി ബാങ്ക് പിടിച്ചെടുത്ത് ലേലത്തിന് വയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ജെ പി മോര്‍ഗാന്‍ ഏറ്റെടുത്തത്.