വാഷിംഗ്ടൺ ഡിസി: ഇന്തോ-പസഫിക് മേഖലയിൽ ചൈന ഉയർത്തുന്ന സൈനിക വെല്ലുവിളികൾ നേരിടാനായി അമേരിക്കയും ഓസ്ട്രേലിയയും ബ്രിട്ടനും ചേർന്ന് അണുശക്തിയിൽ പ്രവർത്തിക്കുന്ന മുങ്ങിക്കപ്പൽ പട രൂപീകരിക്കും. കലിഫോർണിയയിലെ സാന്റിയേഗോ നാവികതാവളത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എന്നിവർ നടത്തിയ ഉച്ചകോടിയിലാണ് ഈ തീരുമാനം. ഡീസൽ എൻജിൻ മുങ്ങിക്കപ്പലുകൾ മാത്രമുള്ള ഓസ്ട്രേലിയൻ നാവികസേന ഇതോടെ കൂടുതൽ ശക്തിപ്പെടും.
അമേരിക്കൻ നിർമിത വിർജീനിയ ക്ലാസ് ആണവ മുങ്ങിക്കപ്പൽ മൂന്നെണ്ണം 2030 മുതൽ ഓസ്ട്രേലിയയ്ക്കു വിൽക്കും. വേണ്ടിവന്നാൽ രണ്ടെണ്ണംകൂടി അധികമായി നല്കും. ഇത് കൂടാതെ മൂന്നു രാജ്യങ്ങളും ചേർന്ന് അത്യാധുനിക സാങ്കേതികവിദ്യകൾ സമന്വയിക്കുന്ന പുതിയ മുങ്ങിക്കപ്പൽ വികസിപ്പിക്കുകയും ചെയ്യും. ഓക്കസ് കരാർ എന്നാണ് ഇതറിയപ്പെടുക. പുതുതായി വികസിപ്പിക്കുന്ന മുങ്ങിക്കപ്പൽ എസ്എസ്എൻ-ഓക്കസ് എന്നും അറിയപ്പെടും.
ഇന്തോ-പസഫിക് മേഖലയിൽ സ്വാതന്ത്ര്യവും സമാധാനവും ഉറപ്പുവരുത്തുകയാണു ലക്ഷ്യമെന്നു ജോ ബൈഡൻ പറഞ്ഞു. അണുശക്തിയിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികളാണെങ്കിലും അതിൽ അണ്വായുധങ്ങൾ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഓസ്ട്രേലിയയും അമേരിക്കയും ബ്രിട്ടനും കൂടുതൽ കൂടുതൽ തെറ്റുകളിലേക്കും അപകടങ്ങളിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ചൈന പ്രതികരിച്ചു.