വാഷിങ്ടൺ: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ തഹവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ അമേരിക്കയിലെ സുപ്രീം കോടതി ഉത്തരവിട്ടു. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ തഹാവൂർ റാണ സമർപ്പിച്ച ഹർജി കോടതി തള്ളി. ഏറെക്കാലമായി തഹാവൂർ റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തർദേശീയ തലത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നു.
കനേഡിയൻ പൗരത്വമുള്ള പാകിസ്ഥാൻ വംശജനാണ് തഹാവൂർ റാണ. 64 കാരനായ ഇയാൾ നിലവിൽ ലോസ് ആഞ്ചലസിലെ മെട്രോപൊളിറ്റൻ ജയിലിൽ തടവിൽ കഴിയുകയാണ്. ഇന്ത്യക്ക് കൈമാറുന്നതിനെതിരെ അവസാന പരിശ്രമമെന്ന നിലയിലാണ് റാണ അമേരിക്കയിലെ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിന് മുൻപ് അമേരിക്കയിലെ കീഴ്ക്കോടതികളിലെല്ലാം ഇയാൾ ഹർജി സമർപ്പിച്ചിരുന്നെങ്കിലും ഇന്ത്യക്ക് അനുകൂലമായ വിധിയാണ് എല്ലാ കോടതികളിൽ നിന്നും ഉണ്ടായത്.