മനുഷ്യരല്ലാതെ, മനുഷ്യരുടേത് പോലുള്ള ജീവികള്‍ പ്രത്യേകിച്ചും അന്യഗ്രഹ ജീവികള്‍ ഈ പ്രപഞ്ചത്തിലുണ്ടോ എന്ന ചോദ്യത്തിന് ഇനിയും വ്യക്തമായൊരു ഉത്തരം നല്കാന് ഇതുവരെ ഒരു ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല. ഇന്നും അന്യഗ്രഹ ജീവികളുടെ അസ്ഥിത്വം സ്ഥിരീകരിക്കപ്പെടാതെ നില്ക്കുന്നു. അതേസമയം ഭൂമിയിലുള്ള അന്യഗ്രഹ സുഹൃത്തുക്കളെ സന്ദർശിക്കുന്ന ബഹിരാകാശ വാഹനങ്ങളാകാം യുഎഫ്ഒകള്‍ എന്ന് ഹാർവാർഡ് സർവകലാശാലയുടെ ഒരു പഠനം അവകാശപ്പെടുന്നു. അന്യഗ്രഹ ജീവികളുടെ സുഹൃത്തുക്കള്‍ നമ്മുക്കിടയില്‍ നമ്മളറിയാതെ ജീവിക്കുന്നുണ്ടെന്നും പഠനം അവകാശപ്പെടുന്നു. ഹാർവാർഡ് സര്‍വകലാശാലയിലെ ഹ്യൂമൻ ഫ്ലൂറിഷിംഗ് പ്രോഗ്രാമിലെ ഗവേഷകരുടെ പ്രബന്ധം ഇതിനകം സമൂഹ മാധ്യമങ്ങലില്‍ വൈറലായി. യുഎഫ്ഒകൾ എന്നും അന്യഗ്രഹ ജീവികൾ എന്നും അറിയപ്പെടുന്ന തിരിച്ചറിയപ്പെടാത്ത അസാധാരണമായ പ്രതിഭാസങ്ങൾ (Unidentified anomalous phenomena – UAP) ചന്ദ്രനും ഭൂമിക്കും ഇടയിലും മനുഷ്യര്‍ക്കിടയിലും നടക്കുന്നുണ്ടെന്നും പഠനം അവകാശപ്പെടുന്നു.
ഈ പഠനത്തിലാണ് ഭൂമിയില്‍ അജ്ഞാത വാസം നടത്തുന്ന അന്യഗ്രഹ സുഹൃത്തുക്കളെ കാണാനെത്തുന്ന എലിയന്‍ വാഹനങ്ങളാണ് യുഎഫ്ഒകള്‍ അഥവാ തിരിച്ചറിയപ്പെടാത്ത അസാധാരണമായ പ്രതിഭാസങ്ങൾ എന്നും പഠനം സമർത്ഥിക്കുന്നു. പഠന രചയിതാവ് അന്യഗ്രഹ ജീവികളെ പിന്തുണയ്ക്കുന്ന സിദ്ധാന്തങ്ങള്‍ പരിശോധിച്ചെന്നും ഇതില്‍ നിന്നും യുഎപിയെ മറച്ച് വയ്ക്കുന്ന ക്രിപ്റ്റോ ടെറസ്ട്രിയൽ’ സിദ്ധാന്ത (Cryptoterrestrial Hypothesis – CTH)ത്തെ കുറിച്ചും പഠനം ചര്‍ച്ച ചെയ്യുന്നു. ഭൂമിയില്‍ നിന്നും ഉത്ഭവിച്ചതോ അതല്ലെങ്കില്‍ ദിനോസറുകളില്‍ നിന്നും പരിണമിച്ചതോ ആയ മനുഷ്യരൂപം പൂണ്ട അന്യഗ്രഹ ജീവികള്‍ ക്രിപ്റ്റോ ടെറസ്ട്രിയൽസ് – (Cryptoterrestrials) നമ്മളറിയാതെ നമ്മുക്കിടയില്‍ ജീവിക്കുന്നുണ്ടെന്നും പഠനം സമര്‍ത്ഥിക്കുന്നു.
ക്രിപ്റ്റോടെറസ്ട്രിയലുകള് പ്രധാനമായും നാല് രൂപത്തില്‍ വരുമെന്നാണ് പഠനം അവകാശപ്പെടുന്നത്. ഒന്നാമത്തേത്, വളരെക്കാലം മുമ്പ് നശിപ്പിക്കപ്പെട്ട സാങ്കേതികമായി പുരോഗമിച്ച പുരാതന മനുഷ്യ നാഗരികത ഇന്നും അവശിഷ്ടങ്ങളുടെ രൂപത്തില്‍ തുടരുന്നു, ഹ്യുമന്‍ ക്രിപ്റ്റോടെറസ്ട്രിയല്‍ (Human Cryptoterrestrials) എന്നാണ് ഇവ അറിയപ്പെടുന്നത്. രണ്ടാമത്തേത്, സാങ്കേതികമായി പുരോഗമിച്ച മനുഷ്യേതര നാഗരികതയാണ്. ഇവ ചില ഭൗമ മൃഗങ്ങൾ അടങ്ങുന്നവയും അതേസമയം ഭൂമിക്കടിയില്‍ രഹസ്യമായി ജീവിക്കാൻ സാധിക്കുന്നവയുമായ ഹോമിനിഡ് അഥവാ തെറോപോഡ് ക്രിപ്റ്റോടെറസ്ട്രിയൽസ് (Hominid or Theropod Cryptoterrestrials) എന്ന് വിളിക്കുന്നു. ഇവ കുരങ്ങികളില് നിന്നും പരിണമിച്ച ഹോമിനിഡ് സന്തതികളോ അതല്ലെങ്കില്‍ അജ്ഞാതരായ ബുദ്ധ വികാസമുള്ള ദിനോസറുകളുടെ പിന്ഗാമികളോ ആമെന്നും പഠനം സമര്‍ത്ഥിക്കുന്നു. മൂന്നാമത്തേത്, മുൻ അന്യഗ്രഹ അല്ലെങ്കിൽ എക്സ്ട്രാ ടെംപെസ്ട്രിയൽ ക്രിപ്റ്റോറെസ്ട്രിയൽസ് (Former Extraterrestrial or Extratempestrial Cryptoterrestrials) എന്ന് വിളിക്കുന്നു. ഇത്തരം ജീവികള്‍ പ്രപഞ്ചത്തിലെ മറ്റെവിടെ നിന്നോ അല്ലെങ്കിൽ മനുഷ്യന്റെ ഭാവിയിൽ നിന്നോ ഭൂമിയിലെത്തുകയും ചന്ദ്രനെ പോലുള്ള ഉപഗ്രഹങ്ങളില്‍ ഒളിച്ചിരിക്കുകയും ചെയ്യുന്നു. നാലാമത്തെതും അവസാനത്തെതുമായവയെ മാന്ത്രിക ക്രിപ്റ്റോടെറസ്ട്രിയൽസ് (Magical Cryptoterrestrials) എന്നാണ് പഠനത്തില്‍ വിശേഷിപ്പിക്കുന്നത്. ഇവ തദ്ദേശീയ അന്യഗ്രഹ ജീവികളെ പോലെയോ ഭൂമിയിലേക്ക് എത്തുന്ന സന്ദേശവാഹകരായ ഏലിയനുകളോ പോലെയല്ല. യക്ഷികൾ, എൽഫുകൾ, നിംഫുകൾ എന്നിങ്ങനെ അറിയപ്പെടുന്ന ഇവ കൂടുതൽ മാന്ത്രികതയോടെ മനുഷ്യ ലോകവുമായി ബന്ധപ്പെടുന്നു.
അന്യഗ്രഹ ജീവികളെ കുറിച്ചുള്ള തങ്ങളുടെ ഗവേഷണം മിക്ക ശാസ്ത്രജ്ഞരെയും സംശയാലുക്കളാക്കാന്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ സമ്മതിക്കുന്നു. അതേസമയം തുറന്ന മനസോടെ തങ്ങളുടെ പഠനത്തെ പിന്തുടരാന് ഗവേഷകർ മറ്റ് ശാസ്ത്ര സമൂഹത്തോട് ആവശ്യപ്പെട്ടു. അടുത്ത കാലത്തായി നിരവധി യുഎഫ്ഒ, എലിയന്‍ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലും പൊതു മണ്ഡലങ്ങളിലും വലിയ വാർത്താ പ്രധാന്യം നേടിയിരുന്നു. ഒരു മുൻ യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ കുറച്ച് നാള് മുമ്പ് അവകാശപ്പെട്ടത്, ഒരു ഫുട്ബോൾ മൈതാനത്തിന്റെ വലിപ്പമുള്ള ഒരു പറക്കുന്ന അജ്ഞാത വസ്തുവിനെ കുറിച്ചുള്ള വിവരങ്ങള്‍ (UFO) യുഎസ് സർക്കാർ മറച്ച് വയ്ക്കുകയാണെന്നായിരുന്നു.