സോള്‍ : അതിര്‍ത്തി കടന്ന് പ്രവേശിച്ചതിന് ഉത്തര കൊറിയയില്‍ തടവിലാക്കിയെന്ന് കരുതുന്ന ട്രാവിസ് കിംഗ് ( 23 ) എന്ന യു.എസ് സൈനികന്റെ മോചനം അനിശ്ചിതത്വത്തില്‍.ട്രാവിസിന്റെ മോചനം സംബന്ധിച്ച് ചര്‍ച്ച നടത്താനുള്ള തങ്ങളുടെ ശ്രമങ്ങളോട് ഉത്തര കൊറിയ പ്രതികരിക്കുന്നില്ലെന്ന് യു.എസ് അറിയിച്ചു.ട്രാവിസ് എവിടെയാണെന്നോ അദ്ദേഹത്തിനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നോ ഉത്തര കൊറിയ അറിയിച്ചിട്ടില്ലെന്നും പെന്റഗണ്‍ വ്യക്തമാക്കി. ഉത്തര കൊറിയയുമായി യു.എസിന് നയതന്ത്രബന്ധങ്ങളോ ആശയവിനിമയമോ ഇല്ല. ചൊവ്വാഴ്ചയാണ് ദക്ഷിണ കൊറിയയ്ക്കും ഉത്തര കൊറിയയ്ക്കും ഇടയിലെ ജോയിന്റ് സെക്യൂരിറ്റി ഏരിയ ( ജെ.എസ്.എ ) അതിര്‍ത്തി പ്രദേശം കാണാൻ ട്രാവിസ് എത്തിയത്.എന്നാല്‍ ഇയാള്‍ അതിര്‍ത്തികടന്ന് ഉത്തര കൊറിയയിലേക്ക് പ്രവേശിക്കുകയായിരുന്നു. ദക്ഷിണ കൊറിയയില്‍ വിന്യസിച്ചിരുന്ന ട്രാവിസിനെ അച്ചടക്ക കാരണങ്ങളാല്‍ യു.എസിലേക്ക് തിരികെ വിളിച്ചിരുന്നു. എന്നാല്‍, വിമാനത്താവളത്തില്‍ നിന്ന് കടന്ന ഇയാള്‍ അതിര്‍ത്തി സന്ദര്‍ശനത്തിന് പോയ ഒരു സംഘത്തോടൊപ്പം ചേരുകയായിരുന്നു. ഇയാള്‍ ബോധപൂര്‍വം ഉത്തര കൊറിയയിലേക്ക് കടന്നതായാണ് ദൃക്സാക്ഷികളുടെ മൊഴി. ഉത്തര കൊറിയയും യു.എസും തമ്മിലെ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെയാണ് സംഭവം.
1996ന് ശേഷം ടൂറിസ്റ്റുകള്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി അമേരിക്കൻ പൗരന്മാരെ ഉത്തര കൊറിയ പിടികൂടിയിട്ടുണ്ട്. 2017 ജൂലായില്‍ ഉത്തര കൊറിയ സന്ദര്‍ശിക്കുന്നതിന് അമേരിക്ക തങ്ങളുടെ പൗരന്മാര്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഉത്തര കൊറിയയുടെ പിടിയിലായ ചില അമേരിക്കൻ പൗരന്മാര് ഇതാ :
ഓട്ടോ വാംബിയര്‍, 2016
യൂണിവേഴ്സിറ്റി ഒഫ് വിര്‍ജീനിയയിലെ വിദ്യാര്‍ത്ഥി. 2016 ജനുവരി 2ന്ഒരു ടൂര്‍ സംഘത്തോടൊപ്പം ഉത്തര കൊറിയ സന്ദര്‍ശിക്കവെ അറസ്റ്റിലായി. ഒരു പ്രചാരണ പോസ്റ്റര്‍ മോഷ്ടിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് കോടതി 15 വര്‍ഷം കഠിന തടവ് വിധിച്ചു. പിന്നാലെ ദുരൂഹ സാഹചര്യത്തില്‍ വാംബിയറിന് നാഡീസംബന്ധമായ ഗുരുതര പരിക്കേറ്റു. 17 മാസങ്ങള്‍ക്ക് ശേഷം കോമാ അവസ്ഥയില്‍ ഓട്ടോയെ ജയിലില്‍ നിന്ന് മോചിപ്പിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന ഓട്ടോയെ 2017 ജൂണില്‍ യു.എസില്‍ എത്തിച്ചെങ്കിലും ആറ് ദിവസത്തിന് ശേഷം മരിച്ചു. മരിക്കുമ്ബോള്‍ ഓട്ടോയുടെ പ്രായം 22 ആയിരുന്നു. കിം ജോംഗ് ഉൻ ഭരണകൂടം ഓട്ടോയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് കണ്ടെത്തി.
ബ്രൂസ് ബൈറണ്‍ ലോറൻസ്, 2018
ചൈനയില്‍ നിന്ന് അനധികൃതമായി ഉത്തര കൊറിയയില്‍ പ്രവേശിച്ചതിന് അറസ്റ്റിലായ 60കാരനായ മിഷിഗണ്‍ സ്വദേശി. യു.എസും ഉത്തര കൊറിയയ്ക്കുമിടെയിലെ ഭിന്നതകള്‍ കുറയ്ക്കാൻ തന്റെ വരവ് സഹായിക്കുമെന്ന് ഇയാള്‍ പറഞ്ഞെന്നാണ് വിവരം. ട്രംപ് ഭരണകൂടത്തിന്റെ ഇടപെടലിന്റെ ഫലമായി ഒരു മാസത്തിന് ശേഷം മോചിതനായി.
മാത്യു മില്ലര്‍, 2014
കാലിഫോര്‍ണിയയില്‍ നിന്നുള്ള 24കാരനായ അദ്ധ്യാപകൻ. 2014 ഏപ്രിലില്‍ ഉത്തര കൊറിയ സന്ദര്‍ശിക്കവെ ചാരപ്രവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായി. ആറ് വര്‍ഷ കഠിന തടവിന് ശിക്ഷിച്ചു. എന്നാല്‍ അന്നേ വര്‍ഷം നവംബറില്‍ കെന്നത്ത് ബേ എന്ന യു.എസ് പൗരനൊപ്പം വിട്ടയച്ചു.
കെന്നത്ത് ബേ , 2012
മാത്യു മില്ലറിനൊപ്പം ജയില്‍ മോചിതനായി. വാഷിംഗ്ടണ്‍ സ്വദേശിയായ കെന്നത്ത് ദക്ഷിണകൊറിയൻ വേരുകളുള്ള ക്രിസ്റ്റ്യൻ മിഷനറിയായിരുന്നു. ഇദ്ദേഹം നിരവധി തവണ ഉത്തര കൊറിയ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ 2012 നവംബറില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിച്ചു, നിരോധിത പുസ്തകങ്ങള്‍ കടത്താനും വിമതരെ പ്രോത്സാഹിപ്പിക്കാനും ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്ക് അറസ്റ്റിലായി. 15 വര്‍ഷം കഠിന തടവിന് വിധിക്കപ്പെട്ടു. യു.എസ് ദേശീയ ഇന്റലിജൻസ് ഡയറക്ടര്‍ ജെയിംസ് ക്ലാപ്പറുടെ ഉത്തര കൊറിയ സന്ദര്‍ശനത്തിന് പിന്നാലെ മോചിപ്പിക്കപ്പെട്ടു.
യൂറാ ലീ, ലോറാ ലിംഗ് , 2009
കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍. 2009 മാര്‍ച്ചില്‍ ഉത്തര കൊറിയയുമായുള്ള ചൈനീസ് അതിര്‍ത്തിയിലെ മാനുഷിക സാഹചര്യങ്ങളെ പറ്റിയുള്ള ഡോക്യുമെന്ററി ചിത്രീകരിക്കുന്നതിനിടെ അറസ്റ്റിലായി. ഇരുവരും ഉത്തര കൊറിയൻ അതിര്‍ത്തി കടന്നിരുന്നു. 12 വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ടു. യു.എസ് മുൻ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ അന്നേ വര്‍ഷം ഓഗസ്റ്റില്‍ ഇരുവരെയും മോചിപ്പിച്ചു.