വാഷിംഗ്ടണ്‍: യു.എസ്. ഭരണസിരാകേന്ദ്രമായ കാപിറ്റോള്‍ ആക്രമണക്കേസില്‍ പ്രൗഡ് ബോയ്സ് എന്ന തീവ്ര വലതുപക്ഷ സംഘടനയുടെ മുൻ നേതാവ് എൻറിക് ടാരിയോയെ കോടതി 22 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
2020ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡനെതിരെ ഡോണള്‍ഡ് ട്രംപ് പരാജയപ്പെട്ടതിന് പിന്നാലെ പ്രൗഡ് ബോയ്സ് സംഘം കാപിറ്റോള്‍ മന്ദിരം ആക്രമിക്കുകയായിരുന്നു. ഗൂഢാലോചനയുടെ നേതാവ് ടാരിയോ ആയിരുന്നുവെന്ന് ജഡ്ജി വിധിയില്‍ എടുത്തു പറഞ്ഞു.
പ്രൗഡ് ബോയ്സിലെ അംഗങ്ങളും മുൻ പ്രസിഡന്റ് ട്രംപിന്റെ അനുയായികളും കാപിറ്റലിനു നേരെ സൈനിക ശൈലിയിലുള്ള ആക്രമണത്തിന് നേതൃത്വം നല്‍കിയതായാണ് ആരോപണം. ടാറിയോയ്ക്ക് 33 വര്‍ഷത്തെ തടവ് ശിക്ഷയാണ് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടത്.
39 കാരനായ ടാരിയോയെയും പ്രൗഡ് ബോയ്സിലെ മറ്റ് കൂട്ടു പ്രതികളെയും മേയില്‍ രാജ്യദ്രോഹ ഗൂഢാലോചനയ്ക്ക് ശിക്ഷിച്ചിരുന്നു. പ്രൗഡ് ബോയ്സിലെ മറ്റൊരു അംഗമായ എഥാൻ നോര്ഡിയന് കഴിഞ്ഞ ആഴ്ച 18 വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു.