നെയ്റോബി : കിഴക്കേ ആഫ്രിക്കന്‍ രാജ്യമായ ബുറുണ്ടിയില്‍ അജ്ഞാത രോഗം ബാധിച്ച് മൂന്ന് മരണം. മൂക്കില്‍ നിന്നുള്ള രക്തസ്രാവമാണ് രോഗത്തിന്റെ പ്രധാന ലക്ഷണമെന്നാണ് റിപ്പോര്‍ട്ട്.രാജ്യത്ത് ടാന്‍സാനിയ, റുവാണ്ട എന്നിവയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കന്‍ കിഴക്കന്‍ പ്രവിശ്യകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലക്ഷണം പ്രകടമാക്കി 24 മണിക്കൂറിനുള്ളില്‍ ഇവര്‍ മരിച്ചെന്നാണ് വിവരം.
രോഗമെന്താണെന്ന് കണ്ടെത്താന്‍ കിറുന്ഡോ, മയീന്ഗ പ്രവിശ്യകളില്‍ ആരോഗ്യ വിദഗ്ദ്ധരെ വിന്യസിച്ചു. രോഗം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മൂക്കില്‍ നിന്നുള്ള രക്തസ്രാവത്തിന് പുറമേ തലവേദന, പനി, ഛര്‍ദ്ദി, തലകറക്കം എന്നീ ലക്ഷണങ്ങളും രോഗികള്‍ പ്രകടമാക്കിയെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ പറയുന്നു.
അതേ സമയം, ലക്ഷണങ്ങള്‍ കണക്കിലെടുക്കുമ്ബോള്‍ എബോള, മാര്‍ബര്‍ഗ് എന്നീ രോഗങ്ങളാകാന്‍ സാദ്ധ്യതയുണ്ടെങ്കിലും ബുറുണ്ടി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടില്ല. അടുത്തിടെ ടാന്‍സാനിയയിലും ഇക്വറ്റോറിയല്‍ ഗിനിയിലും മാര്‍ബര്‍ഗ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്വറ്റോറിയല്‍ ഗിനിയില്‍ ഫെബ്രുവരി പകുതി മുതല്‍ 29 മാര്‍ബര്‍ഗ് കേസുകള്‍ കണ്ടെത്തി.ഏഴ് പേര് മരിച്ചു. ബുറുണ്ടിയുടെ അയല്‍രാജ്യമായ ടാന്‍സാനിയയില്‍ എട്ട് കേസുകള്‍ സ്ഥിരീകരിച്ചതില്‍ അഞ്ച് പേര്‍ക്ക് ജീവന് നഷ്ടമായി. എബോളയ്ക്ക് സമാനമായി വവ്വാലുകളില്‍ നിന്ന് പകരുന്ന മാര്‍ബര്‍ഗ് വൈറസ് ബാധയ്ക്ക് 88 ശതമാനം വരെ മരണനിരക്കാണുള്ളത്. ആഫ്രിക്കന്‍ പഴംതീനി വവ്വാലുകളില്‍ നിന്നോ വൈറസ് വാഹകരായ മറ്റ് മൃഗങ്ങളില്‍ നിന്നോ മനുഷ്യരിലേക്ക് പടരുന്നു.