തിരുവനന്തപുരം: തുര്‍ക്കിയില്‍ നടന്ന ലോക റോബോട്ട് ഒളിംപ്യാഡില്‍ (ഡബ്ല്യുആര്‍ഒ-2024) ചരിത്രം സൃഷ്ടിച്ച് കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പായ യുണീക്ക് വേള്‍ഡ് റോബോട്ടിക്സ് (യുഡബ്ല്യുആര്‍). ഫ്യൂച്ചര്‍ ഇന്നൊവേറ്റേഴ്സ് എലിമെന്ററി വിഭാഗത്തില്‍ യുഡബ്ല്യുആറിന്റെ ടീമായ റെസ്ക്യൂ ടെക് അലൈസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. 85 രാജ്യങ്ങളില്‍ നിന്നുള്ള 450-ലധികം ടീമുകളുമായി മത്സരിച്ചാണ് ഈ ചരിത്ര നേട്ടം. റോബോട്ട് ഒളിംപ്യാഡിന്റെ രണ്ട് പതിറ്റാണ്ട് നീണ്ട ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ നിന്ന് ഒരു ടീം രാജ്യാന്തര മത്സര വിഭാഗത്തില്‍ എത്തുന്നതും വിജയിക്കുന്നതും.
മാളയിലെ ഹോളി ഗ്രേസ് അക്കാദമിയില്‍ നിന്നുള്ള കാത്ലിന് മേരി ജീസന്‍ (12), ക്ലെയര്‍ റോസ് ജീസന്‍ (9) സഖ്യമാണ് ആഗോള വേദിയില്‍ യുഡബ്ല്യുആറിനെ പ്രതിനിധീകരിച്ചത്. ഇരുവരും സഹോദരിമാര്‍ കൂടിയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വര്‍ഷം മത്സര വേദിയിലെത്തിയ ഏക ടീമും യുഡബ്ല്യുആറിന്റേത് ആയിരുന്നു. അതുകൊണ്ടുതന്നെ ഇവരുടെ നേട്ടം കേരളത്തിനും രാജ്യത്തിനും ഒരുപോലെ അഭിമാനം പകരുന്നതായി.
2018ലും 2019ലും കേരളം അഭിമുഖീകരിച്ച പ്രളയ കാലത്തെ ദുരന്തനിവാരണ പ്രവര്‍ത്തനത്തില്‍ നിന്നാണ് ലോക റോബോട്ട് ഒളിംപ്യാഡിലെ പ്രൊജക്ടിനുള്ള ആശയം കാത്ലിന് മേരി ജീസനും ക്ലെയര്‍ റോസ് ജീസനും യുണീക്ക് വേള്‍ഡ് റോബോട്ടിക്സിന്റെ ഉപദേശത്തോടെ രൂപപ്പെടുത്തിയത്.
അക്വാ റെസ്ക്യൂ റാഫ്റ്റ് 1.0
വെള്ളപ്പൊക്ക സമയത്ത് ജീവന്‍രക്ഷാ ചങ്ങാടമായി പ്രവര്‍ത്തിക്കാനും അവശ്യ സാധനങ്ങള്‍ എത്തിക്കാനും കഴിയുന്ന ബഹുമുഖ സംവിധാനമാണ് അക്വാ റെസ്ക്യൂ റാഫ്റ്റ് 1.0. ദുരന്ത നിവാരണത്തിനു പുറമേ വെള്ളത്തിന്റെ ഗുണനിലവാരം തിരിച്ചറിയാനും മാലിന്യം നീക്കം ചെയ്യാനും ഇത് പ്രയോജനപ്പെടുത്താം. ശേഖരിക്കുന്ന ഡാറ്റ അക്വാ വാച്ച് ആപ്പ് വഴി പങ്കിടുകയും ചെയ്യും. ഈ ബഹുമുഖ റാഫ്റ്റ് സംവിധാനമാണ് റോബോട്ട് ഒളിംപ്യാഡില്‍ മലയാളി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്.
ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന കേരളം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പാണ് യുണീക് വേള്‍ഡ് റോബോട്ടിക്സ്. റോബോട്ടിക്സ്, എഐ, കോഡിംഗ്, മെറ്റാവേസ്, സ്പേസ് ടെക്നോളജി, റാപ്പിഡ് പ്രോട്ടോടൈപ്പിംഗ് എന്നിവയില്‍ യുഡബ്ല്യആര്‍ ശ്രദ്ധപതിപ്പിക്കുന്നു. അന്താരാഷ്ട്ര റോബോട്ടിക്സ് മത്സരങ്ങളില്‍ സ്ഥിരസാന്നിധ്യമായ യുഡബ്ല്യുആര്‍ ടീം നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. കാത്ലിന് മേരി ജീസനിന്റെയും ക്ലെയര്‍ റോസ് ജീസന്റെയും വിജയം കേരളത്തിന് ഇന്ത്യയുടെ അഭിമാന നിമിഷമാണെന്ന് യുണീക്ക് വേള്‍ഡ് റോബോട്ടിക്സിന്റെ സിഇഒയും സ്ഥാപകനുമായ ബന്‍സന്‍ തോമസ് ജോര്‍ജ് പറഞ്ഞു.