ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണ പാനീയ കമ്പനികൾ ഉത്പന്ന വിതരണത്തിൽ വേർതിരിവ് കാണിക്കുന്നതായി ആരോപണം. സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് ദരിദ്ര രാജ്യങ്ങളിൽ ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങളാണ് എത്തിക്കുന്നത് എന്നാണ് റിപ്പോർട്ട്. ആക്‌സസ് ടു ന്യൂട്രീഷൻ ഇനിഷ്യേറ്റീവ് (ATNi) പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് നെസ്‌ലെ, പെപ്‌സികോ, യൂണിലിവർ തുടങ്ങിയ കമ്പനികളിൽ നിന്നുള്ള ഉൽപ്പന്നങ്ങളിൽ ഈ വേർതിരിവ് കണ്ടെത്തിയിട്ടുണ്ട്.
ഉത്പന്നങ്ങൾ ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്നതിനെ പ്രതിനിധീകരിക്കുന്ന റാങ്കുകൾ ഭക്ഷണ പാനീയ കമ്പനികൾ നൽകാറുണ്ട്. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ഉപയോഗിക്കുന്ന ഹെൽത്ത് സ്റ്റാർ റേറ്റിംഗ് (HSR) സിസ്റ്റം ആണിത്. അതായത് 0 മുതൽ 5 വരെ സ്റ്റാറുകൾ നൽകി ഉത്പന്ന ഗുണനിലവാരം രേഖപ്പെടുത്തുന്ന രീതിയാണ് ഇത്. അഞ്ച് സ്റ്റാറുകൾ ലഭിക്കുന്നത് ആരോഗ്യകരമായ ഭക്ഷണ ഉത്പന്നത്തെയാണ് സൂചിപ്പിക്കുന്നത്. 3.5 സ്റ്റാറുകൾ മുതൽ മുകളിലേക്ക് ഉള്ളവയും മികച്ച ഗുണനിലവാരമുള്ളതായി കണക്കാക്കുന്നു.
ഇവിടെ ശ്രദ്ധിക്കേണ്ടത്, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ, ഈ കമ്പനികളുടെ ഉൽപ്പന്നങ്ങളുടെ ശരാശരി റേറ്റിംഗ് വെറും 1.8 സ്റ്റാർ മാത്രമാണ്. എന്നാൽ സമ്പന്ന രാജ്യങ്ങളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾക്ക് ശരാശരി 2.3 സ്റ്റാർ റേറ്റിംഗ് നൽകിയിട്ടുണ്ട്. ഇതിനർത്ഥം എന്താണ്? ഇന്ത്യപോലുള്ള വളർന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങൾ ഉൾപ്പടെയുള്ള വിപണികളിൽ വില്പന നടത്തുന്നത് രണ്ടാംതരം ഉത്പന്നങ്ങൾ ആണെന്നുള്ളതാണ് എന്ന് റിപ്പോർട്ടിൽ പറയുന്നത്.
യുണിലിവർ, കൊക്കകോള, മൊണ്ടെലെസ്, പെപ്‌സികോ തുടങ്ങിയ കമ്പനികൾക്ക് ഇന്ത്യയിൽ വലിയ വിപണി ഉണ്ട്. യു.എസ്. കഴിഞ്ഞാൽ യുണിലിവറിൻ്റെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ.