സിഡ്നി: വിമാനത്തിലെ വിനോദ സംവിധാനത്തിലെ സാങ്കേതിക തകരാർ കാരണം എല്ലാ സ്‌ക്രീനുകളിലും പ്ലേ ആയത് അശ്ലീലച്ചുവയുള്ള വീഡിയോ. സിഡ്‌നിയിൽ (ഓസ്‌ട്രേലിയ) നിന്ന് ഹനേഡയിലേക്ക് (ജപ്പാൻ) എത്തിയ ക്വാണ്ടാസ് വിമാനത്തിലാണ് സംഭവമുണ്ടായത്. തകരാര്‍ കാരണം വീഡിയോ മാറ്റാൻ പോലും യാത്രക്കാര്‍ക്ക് കഴിഞ്ഞില്ല. ഡാഡിയോ എന്ന സിനിമയിലെ ഇറോട്ടിക് രംഗങ്ങളാണ് പ്ലേ ആയത്.
യാത്രക്കാർ, പ്രത്യേകിച്ച് കുട്ടികളുള്ള കുടുംബങ്ങൾ ഇതില്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. വീഡിയോ പോസ് ചെയ്യാനോ നിര്‍ത്താനോ കഴിഞ്ഞില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ഈ വീഡിയോ വിമാനത്തില്‍ പ്ലേ ആയപ്പോൾ ഞെട്ടി പോയെന്നും എല്ലാ പ്രായക്കാർക്കും അനുയോജ്യമായ ഒന്നിലേക്ക് സിനിമ മാറുന്നതിന് ഏകദേശം ഒരു മണിക്കൂർ സമയമെടുത്തുവെന്നും ഒരു യാത്രക്കാരൻ റെഡ്ഡിറ്റില്‍ കുറിച്ചു.
ഫ്ലൈറ്റ് എന്‍റർടെയ്ൻമെന്‍റ് സിസ്റ്റത്തിന് സാങ്കേതിക തകരാർ സംഭവിച്ചതിനാലാണ് ഇങ്ങനെ ഉണ്ടായതെന്ന് വിശദീകരിച്ച് ക്വാണ്ടാസ് സംഭവം സ്ഥിരീകരിച്ചു. ഉടൻ പ്രശ്നം പരിഹരിക്കാൻ ക്രൂ അംഗങ്ങള്‍ ശ്രമിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ക്വാണ്ടാസ് വക്താവ് പറഞ്ഞു.